‘ആശമാരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നു’; സിപിഐഎം സമ്മേളനത്തില്‍ മന്ത്രി വീണ ജോര്‍ജിന് വിമര്‍ശനം


ആശാ വര്‍ക്കേഴ്‌സിന്റെ സമരം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. ആശാവര്‍ക്കര്‍മാരുടെ സമരം വീണാ ജോര്‍ജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. അവരെ ആരോഗ്യമന്ത്രിയും വകുപ്പും സമരത്തിലേക്ക് തള്ളിവിടുകയായിരുന്നെന്നാണ് വിമര്‍ശനം. ചര്‍ച്ച വിളിച്ചിട്ടുപോലും ആശമാരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ആശ വര്‍ക്കേഴ്‌സിന്റെ ശമ്പള പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ സമയത്ത് തന്നെ പിഎസ്‌സി അംഗങ്ങളുടെ ശമ്പള പരിഷ്‌കരണം വന്നത് പ്രശ്‌നങ്ങള്‍ വഷളാക്കിയെന്നാണ് പ്രതിനിധികളുടെ നിരീക്ഷണം. പിഎസ്‌സി അംഗങ്ങളുടെ ശമ്പളം പരിഷ്‌കരിക്കുന്നതിന് അനാവശ്യ തിടുക്കം കാട്ടിയെന്ന് വന്‍ തോതില്‍ ആക്ഷേപമുയര്‍ന്നു. ഇത് ആശമാരുടെ സമരത്തിനിടെ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി എന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
അതേസമയം സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവ കേരള വികസന രേഖയിന്മേലുള്ള പൊതു ചര്‍ച്ച ഇന്ന് നടക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം ആകാം എന്നത് നിര്‍ദ്ദേശം മാത്രമെന്നും, ആ സാധ്യതകള്‍ ആരായാം എന്നുമാത്രമാണ് രേഖ പറയുന്നതെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ട്വന്റിഫോറിനോട് പറഞ്ഞു. നവകേരള രേഖ പാര്‍ട്ടിയുടെ നയം മാറ്റമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.