മൂന്നാറിലെ കെ.എസ്.ആർ.ടി.സി. പമ്പിൽനിന്ന് ഇനി ഇന്ധനം നിറയ്ക്കാം
മൂന്നാർ : മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇനിമുതൽ കെ.എസ്.ആർ.ടി.സി. പമ്പിൽനിന്നു വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാം. കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് എം.ഡി.ബിജു പ്രഭാകറിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ പമ്പുകൾ പൊതുജനങ്ങൾക്കുവേണ്ടി തുറക്കുന്നത് .
ഇതിന്റെ ഭാഗമായാണ് പഴയ മൂന്നാറിലെ ഡിപ്പോയ്ക്കു സമീപമുള്ള പമ്പും പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നത്. ദേശീയപാതയോരത്തുള്ള പമ്പിൽ ഡിപ്പോയ്ക്ക് തടസ്സമുണ്ടാകാത്തവിധത്തിൽ വാഹനങ്ങൾ കയറിയിറങ്ങി ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ നേരിട്ടാണ് ഇതിനാവശ്യമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷം ഇന്ധന പമ്പ് ഓഗസ്റ്റ് 15-ന് പൊതുജനങ്ങൾക്കായി തുറന്നുനൽകും. മൂന്നാർ ടൗണിൽ നിലവിൽ മൂന്ന് പെട്രോൾ പമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവ മൂന്നും രാത്രി 8 മണിവരെ മാത്രമാണ് പ്രവർത്തിക്കുന്നത്.
രാത്രികാലങ്ങളിൽ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളടക്കമുള്ളവർ രാത്രിയിൽ ഇന്ധനം ലഭിക്കാതെ ദുരിതത്തിലാകുന്നത് പതിവായിരുന്നു. കെ.എസ്.ആർ.ടി.സി. പമ്പ് രാത്രിയിലും പ്രവർത്തിക്കുന്നതോടെ ഈ പരാതിക്ക് പരിഹാരമാകും.