ജില്ലയിൽ വാക്സീൻ ക്ഷാമം രൂക്ഷം;എന്നു വരും വാക്സീൻ
ജില്ലയിൽ വാക്സീൻ ക്ഷാമം രൂക്ഷം. ഇന്നത്തെ വാക്സിനേഷനായി ജില്ലയിൽ ആകെയുള്ളത് 1,600 ഡോസ് കോവിഷീൽഡും 120 ഡോസ് കോവാക്സിനും മാത്രം. സർക്കാർ മേഖലയിൽ 11 കേന്ദ്രങ്ങളിൽ മാത്രമാണ് ഇന്ന് വാക്സിനേഷൻ നടക്കുക. ഇവിടങ്ങളിലെല്ലാം പരിമിതമായ സ്റ്റോക്ക് വാക്സീൻ മാത്രമാണുള്ളത്. മണിക്കൂറുകൾക്കകം വാക്സീൻ വിതരണം പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണ്.
ഇന്നലെയും പകുതിയിൽ താഴെ കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിനേഷൻ നടന്നത്. നാളെ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും ചിലപ്പോൾ ഇന്നു രാത്രിയോടെ വാക്സീൻ എത്താനിടയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.
വാക്സീന്റെ ലഭ്യതക്കുറവ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു തിരിച്ചടിയാകുന്നുണ്ട്. അതേസമയം, ജില്ലയിലെ 7 സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് വാക്സീൻ സ്റ്റോക്കുള്ളതായാണ് വിവരം. ഇവിടങ്ങളിൽ 780 രൂപയാണ് നിരക്ക്. ഇന്നലെ വൈകിട്ട് ലഭിച്ച കണക്കുപ്രകാരം ജില്ലയിൽ 5,81,298 പേർ ആദ്യ ഡോസ് വാക്സീനും 2,05,152 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.