കരുതലോടെ ഓഫറുകളുടെ ഓണവിപണി;ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഓണക്കാലത്തിലേക്കു പ്രവേശിക്കുന്ന ജില്ലയിലെ വിപണി കരുതലിലാണ്. ഇളവുകൾ ദുരുപയോഗം െചയ്യപ്പെടാതിരിക്കാൻ വ്യാപാരികൾ ശ്രദ്ധിക്കുന്നതിനാൽ തിക്കിത്തിരക്കില്ലാതെയാണു സ്ഥാപനങ്ങൾ പലതും പ്രവർത്തിക്കുന്നത്. ആഴ്ചയിൽ 3 ദിവസത്തിൽ നിന്ന് 6 ദിവസവും നഗരം ഉണർന്നിരിക്കുമ്പോൾ എല്ലാ തരത്തിലും തിരക്കു കുറയുന്നുണ്ടെന്നാണു വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും പക്ഷം. ഓണം അരികിലെത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ വ്യാപാരം സജീവമാക്കാമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ
ജീവനക്കാർ തിരിച്ചെത്തി
വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ ഏറെ സന്തോഷിക്കുന്നതു ജീവനക്കാരാണ്. ഇടവിട്ട ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ പലരോടും ജോലിക്കു വരേണ്ടെന്നു നിർദേശിച്ചിരുന്നു. മാസങ്ങളായി വരുമാനമില്ലാതെ വീട്ടിലിരുന്ന ഇവർ സ്ഥാപനങ്ങളിലേക്കു തിരിച്ചെത്തുന്നതോടെ ഓണം ബുദ്ധിമുട്ടുകളില്ലാതെ കഴിച്ചുകൂട്ടാം എന്ന നിഗമനത്തിലാണ്.
അതേസമയം റസ്റ്ററന്റുകളിൽ ചുരുങ്ങിയ ജീവനക്കാരെ വച്ചാണു പ്രവർത്തിക്കുന്നത്. പാഴ്സൽ മാത്രമായതിനാൽ പകുതി ജീവനക്കാർ മാത്രമാണു പല റസ്റ്ററന്റുകളിലും എത്തുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ വിന്യസിച്ചാണു പല ഉടമകളും ജീവനക്കാരെ സംരക്ഷിക്കുന്നത്.
സമയം ഷെഡ്യൂൾ ചെയ്യാം
ജ്വല്ലറികളിലും വസ്ത്രാലയങ്ങളിലും ഷോപ്പിങ് സമയം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള നീക്കവും കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള പുതിയ ആശയമാണ്. തിരക്ക് ഒഴിവാക്കാനും മികച്ച സേവനം നൽകാനും ഇതിലൂടെ സ്ഥാപനങ്ങൾക്കു സാധിക്കും. സ്ഥാപനത്തിന്റെ വിസ്തീർണത്തിന് അടിസ്ഥാനമാക്കി മാത്രമാണ് ഉപഭോക്താക്കൾക്കു പ്രവേശനം അനുവദിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതോടെ അകത്തുകയറാൻ കാത്തിരിക്കേണ്ടി വരില്ല.
തിരക്കില്ലാത്ത നഗരം
തിങ്കൾ, ബുധൻ, വെള്ളി ഇടുക്കിയിലെ പ്രധാന നഗരങ്ങളിൽ നിന്നുതിരിയാൻ കഴിയാതിരുന്ന ദിവസങ്ങളായിരുന്നു. എല്ലാ ദിവസവും എല്ലായിടത്തുമുള്ള സ്ഥാപനങ്ങൾ തുറക്കുന്നതോടെ ജനങ്ങൾ പലയിടത്തു നിന്നായി സാധനങ്ങൾ വാങ്ങുന്നുണ്ട്. ബവ്റിജസ് ഔട്ട്‍ലെറ്റുകളിലും ഇതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓണത്തിരക്ക് എത്തുന്നതോടെ നഗരം കൂടുതൽ സജീവമാകുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
∙ രണ്ടു മാസ്ക് ധരിക്കണം
∙ സാമൂഹിക അകലം പാലിക്കണം
∙ വിൻഡോ ഷോപ്പിങ് ഒഴിവാക്കാം
∙സാനിറ്റൈസർ ഉപയോഗിക്കുക.
∙തിരക്ക് ഒഴിവാക്കാനായി സ്വയം ശ്രദ്ധിക്കുക.
∙ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനായി സ്ഥാപന ഉടമകളോടു സഹകരിക്കുക.