ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ നിന്ന് മോഷ്ടിച്ചത് ലക്ഷക്കണക്കിനു രൂപയുടെ വയറിങ് ഉപകരണങ്ങൾ
നെടുങ്കണ്ടം ∙ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും ലക്ഷക്കണക്കിനു രൂപയുടെ വയറിങ് ഉപകരണങ്ങൾ മോഷണം പോയി. നെടുങ്കണ്ടം മൈനർ സിറ്റിയിൽ ജില്ലാ പഞ്ചായത്ത് വ്യവസായ എസ്‌റ്റേറ്റ് സ്ഥാപിക്കാനായി നിർമിച്ച കെട്ടിടത്തിൽ നിന്നാണ് വയറിങ് ഉപകരണങ്ങൾ മോഷണം പോയത്. വയറിങ് ചെയ്ത പൈപ്പ് ലൈൻ പൊട്ടിച്ച ശേഷം വയറിങ് പൂർണമായി കവർന്നു. ലൈറ്റുകളും വൈദ്യുതി ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്ന വസ്തുക്കളും സ്വിച്ചുകളും മോഷണം പോയി. കെട്ടിടത്തിന്റെ ജനാലകളും കള്ളൻമാർ കടത്തി.
മോഷണം നടന്നിട്ടും അധികൃതർ വിവരം അറിഞ്ഞില്ല. 1998ലാണ് പ്രദേശവാസിയുടെ സ്ഥലം ഏറ്റെടുത്ത് വ്യവസായ എസ്റ്റേറ്റിനായി കെട്ടിടം നിർമിച്ചത്. 1 ഏക്കർ 80 സെന്റ് സ്ഥലം കെട്ടിട നിർമാണത്തിനായി ഏറ്റെടുത്താണ് നിർമാണം. താലൂക്ക് അടിസ്ഥാനത്തിൽ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ച് തൊഴിൽ നൽകാനാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ കെട്ടിടം നിർമിച്ചിട്ട് പദ്ധതി നടപ്പായില്ല. ഇതിനു ശേഷം എംജി യൂണിവേഴ്സിറ്റിക്ക് ഹൈറേഞ്ച് എൻവയൺമെന്റൽ റിസർച്ച് സെന്റർ നടത്താനായി ജില്ലാ പഞ്ചായത്ത് കെട്ടിടം വിട്ടു നൽകി.
മാസം 200 രൂപ വാടകയ്ക്കാണ് കെട്ടിടം കൈമാറിയത്. എംജി യുണിവേഴ്സിറ്റി ഒരു വർഷം ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്ന ഒരു കോഴ്സ് നടത്തി. സെന്റർ വിജയകരമായിരിന്നിട്ടും യൂണിവേഴ്സിറ്റി പദ്ധതി റദ്ദാക്കി. ഇതോടെ കെട്ടിടവും അനാഥമായി. കെട്ടിടത്തിലേക്ക് ജലം എത്തിക്കാൻ 2 ജലപദ്ധതികളും നടപ്പിലാക്കി. ഒരു മഴവെള്ള സംഭരണിയും ജല ശേഖരണ ടാങ്കും നിർമിച്ചു. ഇതിനായി സ്ഥാപിച്ച പൈപ്പുകളും അടക്കം മോഷണം പോയ നിലയിലാണ്. കെട്ടിടം നന്നാക്കിയെടുത്ത് ഏതെങ്കിലും സർക്കാർ സ്ഥാപനം ഇവിടെ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.