ഇടുക്കി ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ പെരുകുമ്പോഴും വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവനുകൾ എടുക്കുമ്പോഴും കൃഷിനാശം വരുത്തി കർഷകരുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴും സംസ്ഥാന സർക്കാർ നടത്തുന്ന നിഷ്ക്രിയത്വവും അലംഭാവവും തുടരുന്നത് പ്രതിഷേധാർഹമെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.സി വർഗീസ്.


വന്യജീവികളിൽ നിന്നും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ടതിന് കേന്ദ്രം അനുവദിച്ചിരിക്കുന്ന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി ദുർവിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളന ത്തിൽ പറഞ്ഞു. 14 മാസങ്ങൾക്കിടയിൽ ഇടുക്കി ജില്ലയിൽ മാത്രം ഒൻപത് മനുഷ്യ ജീവനുകളാണ് വന്യമൃഗാക്രമണത്തിൽ പൊലിഞ്ഞത്. സംസ്ഥാനത്താകട്ടെ ഇതേ 14 മാസം കൊണ്ട് 25ലധികം മനുഷ്യജീവനുകൾ നഷ്ടമായി.
സംസ്ഥാനത്താകെ 5 വർഷംകൊണ്ട് 637 മനുഷ്യജീവനുകളാണ് നഷ്ടമായത്. ഒന്നിന് പുറകെ ഒന്നായി മനുഷ്യർ കൊല ചെയ്യപ്പെടുമ്പോഴും സംസ്ഥാന ഗവൺമെൻ്റ് യാതൊരു നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയായി അവശേഷിക്കുകയാണ്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുമ്പോഴും വന്യമൃഗങ്ങളെ സംരക്ഷിച്ചുകൊണ്ട് മനുഷ്യനെതിരെ കേസെടുക്കുന്ന നിലപാടാണ് സംസ്ഥാന ഗവൺമെന്റിനുള്ളത്.
മയക്കുമരുന്നിന്റെ വ്യാപനവും വിപണനവും ഉപയോഗവും ഇത്രയും ഭീകരമായി വർദ്ധിച്ച ഒരു കാലം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സ്‌കൂൾ, കോളേജ് ക്യാമ്പസുകളിലും, യുവാക്കളുടെ ഇടയിലും യഥേഷ്ടം എംഡിഎംഎ പോലുള്ള അതിഭീകരമായ മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുന്ന സംഘങ്ങൾ സർവ്വസ്വതന്ത്രമായി വിഹരിക്കുകയാണ്. മാതാപിതാക്കളേയും സഹോദരങ്ങളേയും അധ്യാപകരേയും സഹപാഠികളേയും കൊല്ലുന്നതിനും അതിക്രൂരമായി പീഡിപ്പിക്കുന്നതിനും മയക്കുമരുന്നിൻ്റെ ഉപയോഗം യുവതലമുറയെ കണ്ണിൽച്ചോര ഇല്ലാത്തവരാക്കുന്നു. സംസ്ഥാനത്തെ എക്സൈസ് പോലീസ് സംവിധാനം ഒരു മാസം ഉത്തരവാദിത്വത്തോടെ കണ്ണുതുറന്ന് പ്രവർത്തിച്ചാൽ മയക്കുമരുന്ന് മാഫിയായുടെ തടയിടാനാവും. ഇവിടെയിപ്പോൾ വേലിതന്നെ വിളവു തിന്നുന്ന അവസ്ഥയാണ്.
ഭൂവിഷയങ്ങളിലെ സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അനങ്ങാപ്പാറനയവും ആത്മാർത്ഥത ഇല്ലാത്തതുമായ നിലപാടുകളാണ് ജില്ല രൂപീകരിച്ച് 53 വർഷം പിന്നിടുമ്പോഴും ഭൂ പ്രശ്‌നങ്ങൾക്ക് പരിഹാരമാകാതെ നിലനിൽക്കുന്നത്. 1960ലെ ഭൂപതിവ് നിയമം സംസ്ഥാനത്താകമാനം ഒരുപോലെ ബാധകമാണെന്നിരിക്കെ 64ലെയും 93ലെയും ചട്ടങ്ങളുടെ മറവിൽ ഇടുക്കി ജില്ലയിലെ ജനങ്ങൾ ഇന്നും വേട്ടയാടപ്പെടുകയാണ്. സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന പുതിയ ചട്ടഭേദഗതിയിൽ ക്രമവൽ ക്കരണം എന്ന പ്രയോഗം ജനങ്ങളിൽ ആശങ്കയും സംശയവും വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് ഇതുവരെ ചെയ്തിട്ടുള്ള നിർമ്മിതികളെല്ലാം അനധികൃതമാണെന്നും കൂടിയ ഫീസ് അടച്ച് നിർമ്മാണങ്ങളെ ക്രമവൽക്ക രിക്കുവാനുള്ള സംസ്ഥാന സർക്കാരിൻ്റെ നിലപാട് പണപ്പിരിവും അഴിമതിയും ലക്ഷ്യമാക്കിയിട്ടുള്ളതാണ്. 64ലെ ഭൂപതിവ് ചട്ടത്തിൽ കൃഷിക്കും വീട്‌വയ്ക്കുന്നതിനും “മറ്റ് ആവശ്യങ്ങൾക്കും” ഉപയോഗിക്കാം എന്നായിരുന്നു ഭേദഗതി
എങ്കിൽ ഈ ഭൂപ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമായേനെ.
2019ന് മുൻപ് ഇടുക്കി ജില്ലയിൽ നിർമ്മാണ നിരോധനത്തിൻ്റെ പേരിൽ ജനങ്ങൾക്ക് യാതൊരുവിധ ത്തിലുമുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവന്നിട്ടില്ല. മാടപ്പറമ്പിൽ കൊച്ചുമോനും ഒരു കെട്ടിട നിർമ്മാണം നടത്തിയ അവസരത്തിൽ റവന്യൂ ഡിപ്പാർട്ട്മെൻ്റ് അത് തടഞ്ഞതോടുകൂടിയാണ് കൊച്ചുമോൻ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ ഗവൺമെൻ്റ് വക്കീലായിരുന്ന (അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിയോഗിക്കപ്പെട്ട) സിപിഐ നേതാവ് ശ്രീമതി മീനാക്ഷി തമ്പാൻ്റെ പുത്രൻ അഡ്വ. ഇഞ്ജിത്ത് തമ്പാൻ മുകളിൽപ്പറഞ്ഞ നിർമ്മാണത്തിന് തടയിടാൻ 64ൽ കൊടുത്തിരിക്കുന്ന പട്ടയത്തിൽ കൃഷി ചെയ്യുന്നതിനും വീട് വയ്ക്കുന്നതിനും മാത്രമേ അനുമതി ഉള്ളു എന്നും നിർമ്മാണത്തിന് അനുമതി കൊടുത്താൽ ജില്ലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞ് കോടതിയിൽ നിന്ന് ജില്ല ആകമാനം ഉള്ള നിർമ്മാണ നിരോധന ഉത്തരവ് ഇരന്ന് വാങ്ങിയത്. ഇതിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ഇത് മാത്യു കുഴൽനാടൻ മുഖേന മറ്റൊരു കേസിലൂടെ ഇടുക്കി ജില്ലയ്ക്ക് മാത്രമായിട്ട് ഒരു നിയമം ഇല്ലെന്നും 64ലെ ഭൂപതിവ് ചട്ടം അനുസരിച്ച് സംസ്ഥാനത്താകമാനം നിലനിൽക്കുന്ന നിയമമായതിനാൽ സംസ്ഥാനത്ത് മുഴുവൻ നിർമ്മാണ നിരോധന ഉത്തരവ് ഉണ്ടാവുകയും ചെയ്‌തു. ഈ കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി പോലും ശരി വയ്ക്കുകയും സംസ്ഥാന സർക്കാരിന്റെ വാദം തള്ളുകയും ആണ് ഉണ്ടായത്. ഇടുക്കി ജില്ല എന്താ കേരളത്തി ലല്ലേ എന്നുപോലും കോടതി ആരാഞ്ഞതും ഇവിടെ പ്രസക്തമാണ്.
കേന്ദ്ര ഗവൺമെന്റ് 2023 ഡിസംബറിൽ പാസ്സാക്കിയ വനസംരക്ഷണ നിയമഭേദഗതി കേരളത്തിൽ നടപ്പിലാക്കിയാൽ ഇടുക്കി ജില്ലയിലേയും സംസ്ഥാനത്തേയും ഒട്ടുമിക്ക ഭൂപ്രശ്‌നങ്ങൾക്കും പരിഹാരമാകും. ഈ നിയമപ്രകാരം 1996 ഡിസംബർ 12ന് മുൻപ് വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ച പ്രദേശങ്ങൾ അത് കൃഷിക്കോ കന്നുകാലി വളർത്തിലിനോ ടൂറിസം സംബന്ധമായ കാര്യങ്ങൾക്കോ ഉപയോഗിച്ചത് ആണെങ്കിൽ കുടി വനത്തിൻ്റെ പരിധിയിൽ നിന്ന് ആ ഭൂമിയെ മാറ്റുന്നു എന്നതാണ് നിയമത്തിൽ പറയുന്നത്. ഈ നിയമത്തിനെതിരായി കുറച്ച് റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥർ ചേർന്ന് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തപ്പോൾ ബഹു. കോടതിയുടെ നിർദ്ദേശപ്രകാരം ഗവൺമെൻ്റ് ഒരു വിദഗ്‌ധസമിതിയെ 1996ന് മുൻപ് വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ച സ്ഥലങ്ങളുടെ വിവരവും അവിടെ താമസിക്കുന്ന ജനങ്ങളുടെ എണ്ണവുമൊക്കെ കൃത്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ നിയോഗിച്ചു. നിർഭാഗ്യകരമെന്ന് പറയട്ടെ നാളിതുവരെയായി സംസ്ഥാന ഗവൺമെൻ്റ് ഈ വിഷയത്തിൽ വിദഗ്‌ധ സമിതി റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോ ബഹു. സുപ്രീംകോടതിക്കോ സമർപ്പിച്ചിട്ടില്ല. ബഹു. സുപ്രീംകോടതി തന്നെ കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉടൻ റിപ്പോർട്ട് നൽകണമെന്നും അല്ലാത്തപക്ഷം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുകൂട്ടുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ഇടതുപക്ഷ സർക്കാർ ഇടുക്കി ജില്ലയോട് കാട്ടുന്ന അവഗണനയും അലംഭാവവും വ്യക്തമാണ്. സംസ്ഥാന സർക്കാർ തങ്ങളുടെ തെറ്റായ നിലപാടുകൾ മാറ്റി ജില്ലയിൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദ്യഘട്ടമായി ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജനസംരക്ഷണ യാത്ര പീരുമേട്, ഇടുക്കി, ഉടുമ്പൻചോല എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളിലെ 6 സംഘടനാ മണ്ഡലങ്ങളിൽ നടത്തപ്പെടുന്നു. ഇതൊരു തുടക്കമാണെന്നും സർക്കാർ തീരുമാനത്തിന് മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ജില്ലയിലുടനീളം രൂപം നൽകുമെന്നും ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.സി. വർഗ്ഗീസ് കട്ടപ്പനയിൽ പറഞ്ഞു.