കുടിവെള്ള ക്ഷാമത്തിനെതിരെ ഒറ്റയാൾ സമരം


ഇരട്ടയാർ പഞ്ചായത്തിലെ കൊച്ചുകാമാഷി, പാറക്കടവ്, കാപ്പിമുക്ക് ചെമ്പകപ്പാറ, കൊങ്ങ മലപ്പടി, തമ്പാൻസിറ്റി, പള്ളിക്കാനം എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം ശ്വാശതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്നാം വാർഡ് മെമ്പർ തോമസ് കടുത്താഴെ ഒറ്റയാൾ നിരാഹാര സമരം നടത്തി. കഴിഞ്ഞ ഒരു മാസമായി പ്രദേശവാസികൾ കടുത്ത ശുദ്ധജലക്ഷാമമാണ് അനുഭവിക്കുന്നത്. കർഷകരും കർഷക തൊഴിലാളികളും അധിവസിക്കുന്ന പ്രദേശത്തെ ശുദ്ധജലക്ഷാമം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതരെ അറിയിച്ചിട്ടും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ യാതൊരുവിധത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്നാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രദേശവാസികളെ സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തിയത്. സമരം പ്രഖ്യാപിച്ചതിനു ശേഷ പ്രദേശവാസികളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ ജെ.സി.ബിയും മറ്റു സംവിധാനങ്ങളുമായി വന്നു മെയിൻറനൻസ് നടത്തുന്നതായി കാണിച്ചെങ്കിലും ജലക്ഷാമത്തിന് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരങ്ങളെ പ്രഹസനമായി അധിക്ഷേപിക്കുവാനാണ് പഞ്ചായത്ത് ഭരണാധികാരികൾ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നില്ല എങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകും എന്നും പ്രദേശവാസികൾ പറഞ്ഞു. നിരാഹാര സമരത്തിൻ്റെ ഉദ്ഘാടനം യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിജോ ഇലന്തൂർ ഉദ്ഘാടനം ചെയ്തു. സിബി ഇലഞ്ഞിക്കാൽ അധ്യക്ഷത വഹിച്ചു. ചെമ്പകപ്പാറ ആബ്കോസ് പ്രസിഡൻ്റ് സജിവെട്ടുകാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ഡി.സി.സി മെമ്പർ റെജി ഇലിപ്പുലിക്കാട്ട് ഉദ്ഘാടനം ചെയ്തു.