മുഹമ്മദ് ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ പൂർത്തിയായി


താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളായ വിദ്യാർത്ഥികളുടെ ഇന്നത്തെ പരീക്ഷ പൂർത്തിയായി. പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ വെച്ചാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉത്തര കടലാസുകളുമായി മടങ്ങിയതിന് ശേഷം പ്രതികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
നേരത്തെ താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്കൂളില്‍ പരീക്ഷ എഴുതിക്കാന്‍ ഉള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് സ്കൂളാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ, പ്രതികൾക്ക് പരീക്ഷ എഴുതാൻ അസരം നൽകിയത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് പിതാവ് മുഹമ്മദ് ഇഖ്ബാൽ ചോദിച്ചു. കൊന്നുതള്ളിവർ പരീക്ഷ എഴുതുമ്പോൾ മുഹമ്മദ് ഷഹബാസിന്റെ രക്ഷിതാക്കൾ വിങ്ങിപ്പൊട്ടുകയാണ്.
അതേസമയം, ഷഹബാസിന്റെ സുഹൃത്തുക്കളും നിറകണ്ണുകളോടെയാണ് താമരശ്ശേരി എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനായി എത്തിയത്. 49-ാം നമ്പർ പരീക്ഷ ഹാളിൽ, ഏറ്റവും പുറകിലെ ഡെസ്കിൽ ഷഹബാസിന്റെ 628307 എന്ന രജിസ്റ്റർ നമ്പർ എഴുതിയ ഇരിപ്പിടം ശൂന്യമായിരുന്നു. 20 കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള ഹാളിലെ അവസാന വിദ്യാർഥിയായിരുന്നു ഷഹബാസ്.
ഇന്നലെ പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയിരുന്നു. ഈ മാരകായുധം ഉപയോഗിച്ചുകൊണ്ടായിരുന്നു ഷഹബാസിന്റെ തലയ്ക്ക് പ്രതികൾ ശക്തമായി അടിച്ചത്. അടിയിൽ തലയോട്ടി തകർന്നതാണ് മരണകാരണം.