വന്യജീവി ശല്യം:- കേരളകര്‍ഷക യൂണിയന്‍ മൂലമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് 4 ന് പ്രതീകാത്മകപ്രതിഷേധമാര്‍ച്ച് നടത്തും.


ചെറുതോണി:- വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി മാര്‍ച്ച 4 ന് മൂലമറ്റം ഫോറസ്റ്റ് ഓഫീലേക്ക് പ്രതീകാത്മകപ്രതിഷേധമാര്‍ച്ച് നടത്തുന്നതാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കാടിറങ്ങി വരുന്ന വന്യജീവികള്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തുന്ന, കൃഷികള്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വന്നിട്ടും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണ്. 1972 ലെ കേന്ദ്രവന്യജീവി സംരക്ഷണം നിയമം ഭേദഗതി ചെയ്യുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നിഉൾപ്പെടെയുള്ള വന്യജീവികളെ വെടിവച്ചുകൊല്ലാന്‍ അനുവാദം നല്‍കുക, നഷ്ടപരിഹാരതുക ഉയര്‍ത്തി കാലതാമസം വരുത്താതെ നല്‍കുക, വന്യജീവികള്‍ക്ക് കാടിനുള്ളില്‍ ഭക്ഷണവും ജലവും ലഭ്യമാക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക, കേരള ബജറ്റില്‍ ഈ കാര്യത്തിനായി കൂടുതല്‍ തുക നീക്കി വയ്ക്കുക, ഫെന്‍സിംഗ്, കിടങ്ങുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, ആനകളിറങ്ങുന്ന പ്രത്യേക മേഖലകളില്‍ കൂടുതല്‍ സ്പെഷ്യല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കേരള കര്‍ഷക യൂണിയന്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സമരം നടത്തുന്നത്.
സമരത്തിന്‍റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം 4 ന് രാവിലെ 10.30 ന് മൂലമറ്റത്ത് കേരളാകോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് പ്രൊഫ.എം.ജെ. ജേക്കബ് നിര്‍വഹിക്കും. സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. കര്‍ഷകയൂണിയന്‍ ജില്ലാ- നിയോജകമണ്ഡലം- മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കും.
സമരത്തിനു മുന്നോടിയായി കേരള കര്‍ഷക യൂണിയന്‍ ഇടുക്കി ജില്ലാ കമ്മറ്റി യോഗം രാവിലെ 10 ന് മൂലമറ്റം അക്വാറ്റിക് സെന്‍ററില്‍ കൂടുന്നതാണെന്നും മറ്റിതര സ്ഥലങ്ങളിലെ സമരങ്ങള്‍ക്ക് രൂപം നല്‍കുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ജില്ലാ പ്രസിഡന്‍റ് ബിനു ജോണ്‍ ഇലവുംമൂട്ടില്‍, സംസ്ഥാനസെക്രട്ടറി സണ്ണി തെങ്ങുംപള്ളി, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്‍റ് ജോസുകുട്ടി തുടിയംപ്ലാക്കല്‍, ജില്ലാസെക്രട്ടറി ജെയ്സണ്‍ അബ്രാഹം സംഘാടകസമിതി കണ്‍വീനര്‍ കുര്യന്‍ കാക്കപ്പയ്യാനി എന്നിവര്‍ അറിയിച്ചു.