മതവിദ്വേഷ പരാമർശക്കേസ്; പിസി ജോർജിന് ജാമ്യം


ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ റിമാൻഡ് ചെയ്ത പി സി ജോർജ് കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി ICU ൽ നിരീക്ഷണത്തിൽ തുടരവെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തെളിവെടുപ്പ് പൂർത്തിയായതിനാലും ആരോഗ്യസ്ഥിതി പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 25നാണ് ചാനൽ ചർച്ചയിൽ പങ്കെടുത്ത പി സി ജോർജ് വിദ്വേഷ പരാമർശം നടത്തിയത് . മുൻകൂർ ജാമ്യാപേക്ഷ കീഴ് കോടതിയിലും ഹൈക്കോടതിയിലും നൽകിയെങ്കിലും കുറ്റം ആവർത്തിക്കുന്നത് പരിഗണിച്ച് മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്നായിരുന്നു പി സി ജോർജിന്റെ കോടതിയിലെത്തിയുള്ള നാടകീയമായ കീഴടങ്ങൽ.