ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ നടത്തി


ജില്ലയിലെ ദേവികുളം താലൂക്കിന്റെ കീഴിലുള്ള മാങ്കുളം, രാജാക്കാട്, രാജകുമാരി, വെള്ളത്തൂവൽ, ബൈസൺ വാലി, പള്ളിവാസൽ എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ നടത്തി.
റീബിൽഡ് കേരള ഇൻഷ്യേറ്റീവിൻ്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടേയും നേതൃത്വത്തിൽ ദുരന്ത സാദ്ധ്യത പരിഗണിച്ച് എടുക്കേണ്ട മുൻ കരുതലുകൾ ഡ്രില്ലിൻ്റെ ഭാഗമായി പരിശീലിപ്പിച്ചു.
ഓരോ വകുപ്പുകളും പ്രവർത്തിക്കേണ്ട രീതി, ഉരുൾപൊട്ടൽ ഉണ്ടാകുന്ന പ്രദേശത്തു നിന്നും ജനങ്ങളെ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റി പാർപ്പിക്കേണ്ട വിധം, ദുരിതാ ശ്വാസ ക്യാമ്പുകളിൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷകൾ , ക്യാമ്പ് നടത്തിപ്പിൽ വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയവ മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി പരിചയപ്പെടുത്തി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ബഷീർ , പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, കില ദുരന്ത നിവാരണ വിദഗ്ദൻ ഡോ. എസ്. ശ്രീകുമാർ, ജില്ലാ കോഡിനേറ്റർ ഗോകുൽ വിജയൻ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത്, ഫയർ ആന്റ് റസ്ക്യൂ, പൊലീസ്, റവന്യൂ, ആരോഗ്യം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.