നോമ്പുകാല തീർത്ഥാടനം – എഴുകുംവയൽ കുരിശുമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി


നോമ്പുകാല തീർത്ഥാടനത്തോടനുബന്ധിച്ച് എഴുകുംവയൽ കുരിശുമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി എഴുകുംവയൽ കുരിശുമല തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ തോമസ് വട്ടമല, ഇടുക്കി രൂപത മീഡിയ കമ്മിഷൻ ഡയറക്ടർ – ഫാദർ ജിൻസ് കാരക്കാട്ട് എന്നിവർ അറിയിച്ചു.
കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമല, ഇടുക്കി രൂപതയുടെ തീർത്ഥാടന കേന്ദ്രമാണ്.
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നോമ്പുകാലങ്ങളിൽ വിശ്വാസികളെത്തുന്നു.
50 നോമ്പ് ആരംഭിക്കുന്ന മാർച്ച് 3, തിങ്കൾ മുതൽ എല്ലാ ദിവസവും കുരിശുമലയിൽ വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
നോമ്പിലെ വെള്ളിയാഴ്ചകളിൽ രാവിലെ 9:30ന് എഴുകുംവയലിൽ കുരിശുപള്ളിയിൽ നിന്നും കുരിശുമല കയറ്റവും മലമുകളിൽ 10:30 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
രാത്രിസമയങ്ങളിലും കുരിശുമല തീർത്ഥാടനത്തിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് ഇടുക്കി രൂപതയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ തീർത്ഥാടകർക്ക് തിരുസഭ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡമനുസരിച്ച് ദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ട്.