വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് സി ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ മെഡിക്കൽ ബോർഡ് ചേർന്നു ഡിസ്ചാർജ് തീരുമാനിക്കും. പിതൃമാതാവ് സൽമ ബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്.
കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ് റിപ്പോർട്ട് ലഭിക്കും.
അതേസമയം അഫാന്റെ ലഹരി പരിശോധന ഫലം പുറത്തുവന്നു. മദ്യം അല്ലാതെ മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലന്ന് കണ്ടെത്തി. വിഷം കഴിക്കാൻ വേണ്ടി മദ്യം വാങ്ങിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.
പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്.