‘തമിഴ് ഭാഷ അതിപ്രധാനമായ വികാരം; ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല’; വിജയ്


തമിഴ് ഭാഷ അതിപ്രധാനമായ വികാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് ടിവികെ സമ്മേളനത്തിൽ വിജയ് പറഞ്ഞു. അംഗീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസമേഖലയ്ക്ക് പണം നൽകില്ലെന്ന് കേന്ദ്രം പറയുന്നു. കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുന്നുവെന്ന് വിജയ് ആരോപിച്ചു.
എൽകെജി-യുകെജി കുട്ടികൾ വഴക്കിടുന്നത് പോലെയാണെന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ അന്ധർധാര സജീവമെന്നും വിജയ് പറഞ്ഞു. ഇരുകൂട്ടരും ഹാഷ്ടാഗ് ഇട്ട് കളിക്കുകയാണ്. എല്ലാ ഭാഷയേയും അംഗീകരിക്കുന്നു. എന്നാൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. ത്രിഭാഷാ നയത്തിനെ ടിവികെയും എതിർക്കുന്നുവെന്ന് അദേഹം ആവർത്തിച്ചു.
ചിലർക്ക് തന്റെ വരവ് അസ്വസ്ഥതയുണ്ടാക്കിയെന്ന് വിജയ് പറഞ്ഞു. താൻ എന്താണ് പെട്ടെന്ന് ചെയ്യുന്നത് എന്നത് ചിന്തിച്ച് അവർക്ക് പേടിയായി. തങ്ങൾ പറയുന്ന നുണ കേട്ട് ജനങ്ങൾ ഇനി വോട്ട് ചെയ്യില്ലെന്ന് അവർക്ക് മനസ്സിലായി. അതാണ് ഇന്നലെ വന്നവൻ എന്ന് പറഞ്ഞ് കളിയാക്കുന്നത്. പണം എന്ന ചിന്തമാത്രമാണ് ചിലർക്ക് ഉള്ളത്. ഇവരെ രാഷ്ട്രീയത്തിൽ നിന്ന് ഓടിക്കണമെന്ന് വിജയ് പറഞ്ഞു.