ആകാശവിസ്മയം കാത്ത് ഇന്ത്യ; 7 ഗ്രഹങ്ങൾ ഒരേ സമയം ദൃശ്യമാകും


ആകാശം പലപ്പോഴും മനുഷ്യർക്കായി വിസ്മയക്കാഴ്ച്ചകളൊരുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിസ്മയക്കാഴ്ചയാണ് പ്ലാനറ്ററി പരേഡ്. ഏഴ് ഗ്രഹങ്ങൾ- ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ്, ബുധൻ എന്നിവ സൂര്യന്‍റെ ഒരേ വശത്ത് എത്തുന്നതിനാല്‍ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവ നിരനിരയായി പോകുന്നത് പോലെ കാണപ്പെടുന്നു ഈ പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ്.
2025 ജനുവരിയിൽ ആരംഭിച്ച പ്ലാനറ്ററി പാരഡി അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് രാത്രി വളരെ കുറച്ച് നേരത്തേക്ക് മാത്രം സൗരയൂഥത്തിൽ എല്ലാ ഗ്രഹങ്ങളെയും ഒരുമിച്ച് നിരയായി കാണാം. ബുധൻ കൂടി ഈ വിന്യാസത്തിന്റെ ഭാഗമാകുന്നതോടെ ഏഴ് ഗ്രഹങ്ങളും ഒരേ സമയം ദൃശ്യമാകും. സൂര്യനോട് അടുത്തായതിനാൽ ബുധനെ സാധാരണയായി കാണാൻ പ്രയാസമാണ്. എന്നാൽ ഫെബ്രുവരി 28-ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ബുധനെയും കാണാനാകും.
ഈ ഗ്രഹങ്ങളുടെ ഒത്തുചേരൽ ഇന്ത്യയിലും ദൃശ്യമാകും, 2025 മാർച്ച് 3 വരെ ഇന്ത്യയില്‍ ഈ ആകാശ കാഴ്‌ച പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൂര്യാസ്തമയത്തിന് ശേഷം, ഏകദേശം 45 മിനിറ്റിനുള്ളിൽ ഈ കാഴ്ച വ്യക്തമാകും. പ്രകാശം കുറഞ്ഞ ഒരിടം കണ്ടെത്തുന്നത് കാഴ്ചയുടെ വ്യക്തതയ്ക്ക് സഹായിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് ചില ഗ്രഹങ്ങളെ കാണാൻ സാധിക്കുമെങ്കിലും, യുറാനസിനെയും നെപ്റ്റ്യൂണിനെയും പോലുള്ള ഗ്രഹങ്ങളെ കാണാൻ ബൈനോക്കുലറുകളോ ടെലിസ്കോപ്പോ ഉപയോഗിക്കേണ്ടി വരും.