നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക നേതാവ് ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ 55 മത് സമാധി ദിനം ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീപത്മനാഭപുരം ധർമ്മ പാഠശാലയിൽ വെച്ച് നടന്നു.


യൂണിയൻ പ്രസിഡണ്ട് ആർ.മണി കുട്ടന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് എ കെ സുനിൽകുമാർ സ്വാഗതവും യൂണിയൻ സെക്രട്ടറി രവീന്ദ്രൻ നായർ കൃതജ്ഞതയും രേഖപ്പെടുത്തി. രാവിലെ 7 മണി മുതൽ പുരാണ പാരായണവും തുടർന്ന് സമൂഹ പ്രാർത്ഥനയും നടന്നു. ആചാര്യന്റെ പൂർണ്ണകായ പ്രതിമയ്ക്ക് മുമ്പിൽ നിരവധി സമുദായ അംഗങ്ങളും പൊതുപ്രവർത്തകരും പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിനു ശേഷം യൂണിയൻ പ്രസിഡണ്ട് ആർ.മണിക്കുട്ടൻ പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും സമുദായ അംഗങ്ങൾ ഏറ്റുചൊല്ലുകയും ചെയ്തു നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണ വേളയിൽ മന്നത്താചാര്യനും സഹപ്രവർത്തകരും സംഘടനയ്ക്ക് രൂപം കൊടുത്തപ്പോൾ ചൊല്ലിയ പ്രതിജ്ഞയാണ് എല്ലാ വർഷവും സമാധിദിനത്തിൽ പുതുക്കുന്നത്. ഞാനെന്റെ സമുദായത്തിന് വേണ്ടി പ്രവർത്തിച്ചു കൊള്ളാമെന്നും അങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായ യാതൊരുവിധ പ്രവർത്തികളും ഉണ്ടാകുന്നതല്ല എന്നുള്ളതുമാണ് സത്യപ്രതിജ്ഞയുടെ സാരാംശം.രാവിലെ ഏഴുമണിക്ക് ആരംഭിച്ച ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടുകൂടി അവസാനിച്ചു. ഹൈറേഞ്ചിലെ വിവിധ കരയോഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു .