തെലങ്കാന ടണൽ അപകടം; കുടുങ്ങി കിടക്കുന്നവർ രക്ഷപ്പെടാനുള്ള സാധ്യത കുറവ്, മന്ത്രി ജുപള്ളി കൃഷ്ണ റാവു


തെലങ്കാന നാഗർകുർണൂൽ തുരങ്കത്തിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു . എന്നിരുന്നാലും അവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യ മേഖല സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
“അപകടസ്ഥലം ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് ഈ ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കുറഞ്ഞത് മൂന്ന് മുതൽ നാല് ദിവസമെങ്കിലും എടുത്തേക്കാം. സത്യം പറഞ്ഞാൽ, അവർ ജീവനോടെ എത്താനുള്ള സാധ്യത വളരെ കുറവാണ്. കാരണം അപകടസ്ഥലത്ത് നിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയുള്ള അറ്റം വരെ താൻ പോയി. ഞങ്ങൾ ഫോട്ടോകൾ എടുത്തപ്പോൾ, തുരങ്കത്തിന്റെ അവസാനം വ്യക്തമായിരുന്നു, തുരങ്കത്തിന്റെ 9 മീറ്റർ വ്യാസത്തിൽ നിന്ന് 25 അടി വരെ ചെളി അടിഞ്ഞുകൂടിയിരുന്നു, ”മന്ത്രി പറഞ്ഞു.തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പേരുവിവരങ്ങൾ രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും കൃഷ്ണ റാവു പറഞ്ഞു.
48 മണിക്കൂറിലേറെയായി തകർന്ന തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട്. ഉത്തർപ്രദേശിൽ നിന്നുള്ള മനോജ് കുമാർ, ശ്രീ നിവാസ്, സണ്ണി സിംഗ് (ജമ്മു കശ്മീർ), ഗുർപ്രീത് സിംഗ് (പഞ്ചാബ്), സന്ദീപ് സാഹു, ജെഗ്ത സെസ്, സന്തോഷ് സാഹു, ജാർഖണ്ഡിൽ നിന്നുള്ള അനുജ് സാഹു എന്നിവരാണ് തുരങ്കത്തിൽ അകപ്പെട്ടിരിക്കുന്നത്. എട്ട് പേരിൽ രണ്ട് പേർ എഞ്ചിനീയർമാരും രണ്ട് പേർ ഓപ്പറേറ്റർമാരുമാണ്, നാല് പേർ തൊഴിലാളികളുമാണ്.
അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ നിലവിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ആളുകളിലേക്ക് എത്തിച്ചേരാൻ നൂതന യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനായി എൻഡോസ്കോപിക് & റോബോടിക് ക്യാമറകൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.. NDRF ന്റെ ഡോഗ് സ്ക്വാർഡും ദൗത്യ മേഖലയിൽ ഉണ്ട്.
നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. ടണലിൽ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടമുണ്ടായത്.കഴിഞ്ഞ ശനിയാഴ്ച നിർമാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്.