കാഞ്ചിയാർ നരിയംപാറ വെള്ളിലാംകണ്ടം കിഴക്കേമാട്ടുക്കട്ട റോഡിന് 10.60 കോടിയുടെ ഭരണാനുമതി : മന്ത്രി റോഷി അഗസ്റ്റിൻ


കാഞ്ചിയാർ പഞ്ചായത്തിലെ പ്രധാന റോഡായ നരിയംപാറ മേലേകാഞ്ചിയാർ കൽത്തൊട്ടി വെള്ളിലാംകണ്ടം കിഴക്കേമാട്ടുക്കട്ട ചേമ്പളം റോഡിന് 10.60 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു . 7.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് 5.5 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. അത്യാവശ്യ ഇടങ്ങളിൽ ഐറിഷ് ഓടകൾ,സംരക്ഷണ ഭിത്തി ,സൂചന ബോർഡുകൾ, കലിങ്കുകൾ, കൂടാതെ ക്രാഷ് ബാരിയറുകൾ, റിഫ്ലക്‌ടറുകൾ തുടങ്ങിയ സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ ഇതിന്റെ ഭാഗമായി നിർമ്മിക്കും.
പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള ആദ്യകാല റോഡായ ഇത് ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് നിർമ്മിക്കുന്നതോടെ മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന- കുട്ടിക്കാനം റോഡിന് മറ്റൊരു ബൈപാസ് റോഡായി ഈ റോഡിനെ മാറ്റാൻ കഴിയും.കാഞ്ചിയാർ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ 6 വാർഡുകളിൽ കൂടി കടന്നു പോകുന്ന ഈ റോഡിന്റെ നിർമ്മാണത്തോടെ നിരവധി പ്രാദേശിക യാത്രക്കാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്രദമാകും .
ശബരിമലയിലേക്ക് നിരവധി ഭക്തരാണ് എല്ലാ വർഷും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടി ഇതുവഴി കടന്ന് വരുന്നത് അപകടരഹിതവും സുഗമവുമായ യാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ റോഡുകൾ ക്രമീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു .