മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി.. സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി


പാലാ . ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ളാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ ,കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ സി എന്നിവരുടെ നേതൃത്വത്തിലാണ് മധ്യതിരുവതാംകൂറിലെ ആദ്യത്തെ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തിയത്.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശികളായ 49, 47 പ്രായമുള്ള സഹോദരന്മാർക്കാണ് വൃക്കകൾ മാറ്റിവച്ചത്. എ പോസിറ്റീവും, ബി പോസിറ്റീവും ഗ്രൂപ്പുകാരായിരുന്നു യഥാക്രമം ഇവർ. മൂത്തസഹോദരന്റെ ഭാര്യ ബി പോസിറ്റീവും ഇളയ സഹോദരന്റെ ഭാര്യ ഒ പോസിറ്റീവും ഗ്രൂപ്പുകാരായിരുന്നു. മൂത്ത സഹോദരന് ഇളയ സഹോദരന്റെ ഭാര്യയുടെ വൃക്കയും ഇളയ സഹോദരന് മൂത്ത സഹോദരന്റെ ഭാര്യയുടെ വൃക്കയും അനുയോജ്യമാണെന്നു പരിശോധനയിൽ കണ്ടെത്തി. പരസ്പരം വൃക്കകൾ മാറി നൽകാൻ ഭാര്യമാർ തീരുമാനിച്ചതോടെയാണ് സഹോദരന്മാർ ഇരുവരും പുതുജീവീതത്തിലേക്ക് തിരിച്ചെത്തിയത്. ഒരു ദിവസം തന്നെ 4 പേരുടെയും വൃക്ക ശസ്ത്രക്രിയകൾ നടത്തേണ്ട അത്യാധുനിക സൗകര്യമുള്ള ആശുപത്രി വേണ്ടതിനാലാണ് ഇവർ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയെത്തിയത്.
ഇരുവരുടെയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഏറെ വെല്ലുവിളികളും സങ്കീർണതകളും നിറഞ്ഞ സാഹചര്യത്തിലായിരുന്നു. വൃക്കയിൽ സിസ്റ്റ് വളരുന്ന എ.ഡി.പി.കെ.ഡി( ഓട്ടോസോമൽ ഡോമിനന്റ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ്) എന്ന അപൂർവ്വ ജനിതക രോഗമായിരുന്നു ഇരുവർക്കും ഉണ്ടായിരുന്നത്. മാസങ്ങളായി ഇവർ ഡയാലിസിസ് നടത്തി വരികയായിരുന്നു. ഇരുവരുടെയും വൃക്കയിൽ 7 കിലോയോളം തൂക്കത്തിൽ സിസ്റ്റ് വളർന്നിരുന്നതിനാൽ നേരത്തെ തന്നെ വൃക്കകൾ മാറ്റണമെന്ന വെല്ലുവിളിയായിരുന്നു ഡോക്ടർമാരുടെ മുന്നിലുള്ളത്. ഇതിനിടെ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ മൂത്തസഹോദരന് ഗുരുതര ഹൃദ്രോഗം ബാധിച്ചിരുന്നതായി കണ്ടെത്തിയതും വെല്ലുവിളിയായി. ഇതേ തുടർന്ന് ഇദ്ദേഹത്തിന് സങ്കീർണ്ണമായ ബൈപാസ് ശസ്ത്രക്രിയ ആദ്യം നടത്തി. സുഖം പ്രാപിച്ചതിനെ തുടർന്നാണ് വൃക്ക നീക്കം ചെയ്യൽ ശസ്ത്രക്രിയ നടത്തിയത്.
ഇരുവരുടെയും വൃക്കകൾ നീക്കം ചെയ്ത് രണ്ടു മാസത്തിനു ശേഷമായിരുന്നു ഭാര്യമാർ വൃക്കകൾ മാറ്റി നൽകിയ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. 10 മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് വൃക്കകൾ മാറ്റി വയ്ക്കൽ പൂർത്തീകരിച്ചത്.
നെഫ്രോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.തോമസ് മാത്യു, ഡോ.തരുൺ ലോറൻസ്, യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ആൽവിൻ ജോസ്.പി, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ലിബി.ജെ.പാപ്പച്ചൻ, കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് അനസ്തേഷ്യറ്റുമായ ഡോ.ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച 4 പേരും വീടുകളിലേക്ക് മടങ്ങി.