ഹ്യൂമര്‍ സെന്‍സ്+ പ്രതിഭ+ ധൈര്യം+ സൗന്ദര്യം= സുബി സുരേഷ്; ആണരങ്ങുകളെന്ന് വിളിച്ച കോമഡി ഷോകളില്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്ന പ്രിയ കലാകാരിയെ ഓര്‍ക്കുമ്പോള്‍


നടിയും അവതാരകയും നര്‍ത്തകിയും കോമഡി ഷോകളിലെ നിറസാന്നിധ്യവുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. ഹാസ്യാവതരണത്തിലും മിമിക്രി ഷോകളിലും പെണ്‍കരുത്ത് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു സുബി സുരേഷ്.
മലയാളത്തില്‍ കോമഡിരംഗത്ത് പുരുഷന്മാര്‍ അരങ്ങുതകര്‍ക്കുന്ന കാലത്താണ് സുബി സുരേഷ് വേറിട്ട ഹാസ്യാവതരണശൈലിയിലൂടെ മലയാളിയുടെ പ്രിയപ്പെട്ട താരമായി മാറിയത്. ടെലിവിഷന്‍ അവതാരകയും ചലച്ചിത്രതാരവും പ്രൊഫഷണല്‍ കൊമേഡിയനും സ്റ്റേജ് ഷോ പെര്‍ഫോമറുമൊക്കെയായി സുബി സുരേഷ് അത്ഭുതമായി. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കി. പിന്നീട് സിനിമയിലും ഇടമുറപ്പിച്ചു.
കോമഡിയിലെ ടൈമിംഗും കൈയടക്കത്തോടെയുള്ള ഹാസ്യാവതരണത്തിലൂടെയുമൊക്കെയാണ് സുബി സുരേഷിന് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചത്. ഇരുപതോളം സിനിമകളിലും സുബി സുരേഷ് വേഷമിട്ടു. കരള്‍ രോഗബാധിതയായി, 2023 ഫെബ്രുവരി 22-നായിരുന്നു സുബി സുരേഷിന്റെ മരണം. മലയാള ഹാസ്യരംഗത്ത് സുബി സുരേഷിന്റെ വിയോഗമുണ്ടാക്കിയ വിടവ് ഇന്നും നികത്തപ്പെടാതെ കിടക്കുകയാണ്.