വാഹനങ്ങൾ ഉരസിയത് സംബന്ധിച്ച് തർക്കം: മകനും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള അടിപിടിക്ക് തടസ്സം പിടിക്കാനെത്തിയ വീട്ടമ്മയ്ക്ക് പരിക്ക്


നടുറോഡിൽ മകനും പോലീസ് ഉദ്യോഗസ്ഥാനും തമ്മിലുണ്ടായ കൈയാങ്കളിക്ക് തടസ്സം പിടിക്കാൻ ചെന്ന അമ്മയ്ക്ക് പരിക്ക്. സംഭവത്തിൽ വണ്ണപ്പുറം വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കാളിയാർ പോലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-നാണ് സംഭവം. പഴയരിക്കണ്ടത്തുനിന്ന് വന്ന പോലീസ് ഉദ്യോഗസ്ഥൻ അമൽരാജിന്റെ കാറും വണ്ണപ്പുറം സ്വദേശിയായ ജസീറിന്റെ ജീപ്പും തമ്മിൽ മുണ്ടന്മുടിയിൽ െവച്ച് ഉരസി. എന്നാൽ കാർ നിർത്താതെ പോയി.
പിന്തുടർന്നുപോയ ജീപ്പ് കാളിയാർ പള്ളിക്കവലയിൽ െവച്ച് കാറിനെ വിലങ്ങുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമാവുകയും ചെയ്തു. ഇത് അടിപിടിയിൽ കലാശിച്ചു. ഇതിനിടയിൽ തടസ്സം പിടിക്കാൻ ചെന്ന ജസീറിന്റെ അമ്മ ഷീബ സലീമിനാണ് പരിക്കേറ്റത്.
ഇവരെയും ജസീറിനെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് പോലീസുദ്യോഗസ്ഥൻ അമ്മയുമായി അത്യാവശ്യമായി ആശുപത്രിയിൽ പോവുകയായിരുന്നെന്നും അതിനാലാണ് കാർ നിർത്താതെ പോയതെന്നുമാണ് വിശദീകരണം.