വീണ്ടും മഴ ശക്തി പ്രാപിക്കുന്നു; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു


ജില്ലയിൽ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. 2 ദിവസമായി ജില്ലയിൽ ഇടവിട്ട് പരക്കെ മഴ ലഭിക്കുന്നുണ്ട്. ഇന്നലെയോടെ മഴ ശക്തമായി. പലയിടങ്ങളിലും ഇന്നലെ രാവിലെ മുതൽ കാര്യമായ ഇടവേളയില്ലാതെ മഴ തുടർന്നു. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ കനത്ത മഴയായിരുന്നു. അടിമാലി, കട്ടപ്പന, ചെറുതോണി, രാജകുമാരി, പീരുമേട് തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലും ശക്തമായ മഴ ലഭിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് യെലോ അലർട്ട് ആണ്. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണു നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതു ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഴയെത്തുടർന്നു നദികളിലും മറ്റും നീരൊഴുക്ക് വർധിച്ചു. ഡാമുകളിലെ ജലനിരപ്പും ഉയർന്നു തുടങ്ങി. ഇന്നലെ രാവിലെ 7 നു അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 34.72 മില്ലീമീറ്റർ മഴയാണ്.
മഴ ഇങ്ങനെ
തൊടുപുഴ- 29.8
ദേവികുളം- 35.6
ഇടുക്കി- 50.8
പീരുമേട്-46
ഉടുമ്പൻചോല-11.4