ലോറി ഡ്രൈവറായ യുവാവ് മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ


രാജകുമാരി ∙ ദേശീയപാത നിർമാണ കമ്പനിയിലെ ലോറി ഡ്രൈവറായ യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുരിക്കാശേരി കള്ളിപ്പാറ പാറത്താഴത്ത് ബാബുവിന്റെ മകൻ വിനീതിനെ(29) ആണ് വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ ശാന്തൻപാറ പുത്തടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന മറ്റൊരു ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു.
അവിവാഹിതനായ വിനീത് 3 വർഷമായി ദേശീയ പാത നിർമാണ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ലോറി ഓടിക്കുന്നുണ്ട്. രണ്ട് ദിവസം മുൻപ് മുരിക്കാശേരിയിലെ വീട്ടിലെത്തിയിരുന്നു. ആത്മഹത്യ ചെയ്യാൻ തക്ക പ്രശ്നങ്ങൾ ഇയാൾക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മാതാവ് മിനി. സഹോദരി ചിഞ്ചു.