‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും


മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ആട് 3”. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് സിനിമാ പരമ്പരയിലെ മൂന്നാം ചിത്രമാണിത്.
കഴിഞ്ഞ വർഷം “ആട് 3 വൺ ലാസ്റ്റ് റൈഡ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ് എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ആട് 3 യുടെ തിരക്കഥ വായിക്കാൻ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ഒത്തുചേർന്നിരിക്കുകയാണ്. നടൻ സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പുറത്തുവിട്ടത്. “ആട് 3യുടെ നറേഷൻ സെക്ഷനിലേക്ക് കടക്കുകയാണ്. അപ്‌ഡേറ്റുകൾ ഉടൻ ഉണ്ടാകും. സോമനും സേവ്യറിനുമൊപ്പം” എന്ന അടിക്കുറിപ്പോടെ സണ്ണി വെയിനും സുധി കോപ്പയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൈജു ഈ വിവരം അറിയിച്ചത്.
ചിത്രത്തിന്റെ സംവിധായകനായ മിഥുൻ മാനുവൽ തോമസും ഈ ഒത്തുചേരലിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 2025-ലെ ക്രിസ്മസിന് “ആട് 3” തിയേറ്ററുകളിൽ എത്തുമെന്നാണ് മിഥുൻ തൻ്റെ പോസ്റ്റിൽ പറയുന്നത്. “ഇമ്മിണി വലിയ സ്വപ്ന യാത്ര തുടങ്ങുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാതാവ് വിജയ് ബാബുവിനെയും മറ്റ് അണിയറ പ്രവർത്തകരെയും ചിത്രത്തിൽ കാണാം.