ഗവർണറുമായി കൂടിക്കാഴ്ച നടത്തി നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്


യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാരോഹണത്തിന് ശേഷം നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുസമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി ഗവർണറെ ക്ഷണിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മൊത്രാപ്പൊലീത്തമാരായ ഐസക് മാർ ഒസ്താത്തിയോസും മാത്യൂസ് മാർ അന്തിമോസും പങ്കെടുത്തു. കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി മലങ്കര മെത്രാപ്പൊലീത്തകൂടിയായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിന്റെ ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇത്.
ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ മാർച്ച് 25 ന് ലബനനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. സ്ഥാനാരോഹണ ചടങ്ങുകൾക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിക്കും. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെയും യാക്കോബായ സഭയിലെയും മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. മാർച്ച് 26 ന് പരിശുദ്ധ ബാവായുടെ അധ്യക്ഷതയിൽ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ചേരും. തുടർന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് കേരളത്തിലേക്ക് തിരിക്കും. മാർച്ച് 30 ന് പുത്തൻകുരിശിലാണ് അനുമോദന പൊതുസമ്മേളനം.