സൂപ്പർ ബൈക്കുകളെ പൂട്ടാൻ ഓപ്പറേഷൻ റാഷ്; 5 ദിവസം കൊണ്ട് ഇടുക്കി ജില്ലയിൽ നിന്ന് കിട്ടിയ പിഴ 68500 രൂപ
ബൈക്കുകളുടെ അമിത വേഗത്തിനു തടയിട്ട് മോട്ടർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ റാഷ്. ജില്ലയിൽ കഴിഞ്ഞ 5 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച 188 പേർക്കെതിരെ നടപടിയെടുത്തു. 68,500 രൂപ പിഴ ചുമത്തി. പരിശോധനയിൽ നിയമലംഘനങ്ങളുടെ ചിത്രം, വിഡിയോ പകർത്തിയായിരുന്നു നടപടി.
ഇ-ചെല്ലാൻ സംവിധാനം വഴിയാണ് പിഴ ഈടാക്കുന്നത്. തൊടുപുഴ, അടിമാലി മേഖലകളിലാണ് കൂടുതൽ പേർ കുടുങ്ങിയത്. ഇടുക്കി ആർടിഒയുടെ കീഴിലുള്ള സ്ക്വാഡുകളും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സ്ക്വാഡുകളും പരിശോധനയുമായി രംഗത്തുണ്ടായിരുന്നു.
വാഹനങ്ങളിലെ രൂപമാറ്റം, സൈലൻസർ മാറ്റി വച്ച് അമിത ശബ്ദം വരുത്തുക തുടങ്ങിയ എല്ലാത്തരം നിയമലംഘനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആർടിഒ ആർ.രമണൻ പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കെതിരെയും വാഹന ഉടമയ്ക്കെതിരെയും നടപടിയുണ്ടാകും.