ഇപ്പോൾ വീടു വാങ്ങാൻ അല്ലെങ്കിൽ വയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിയുക!
ഭവന വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞിരിക്കുന്ന ഇപ്പോള്‍ സ്വപ്‌ന ഭവനം സ്വന്തമാക്കാന്‍ ഏറ്റവും യോജിച്ച സമയമാണ്. ലോക്ഡൗണിനെ തുടർന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വായ്പാ ഉൽപ്പന്നവും ഭവന വായ്പ തന്നെ. ലോക്ഡൗണിൽ അടച്ചിരിക്കേണ്ടി വന്നപ്പോൾ എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കിയേ പറ്റൂ എന്ന് തീരുമാനിച്ചവർ ധാരാളമാണെന്ന് ഒരു പ്രമുഖ ബാങ്കിന്റെ ഭവന വായ്പാവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ശമ്പളത്തിൽ കാര്യമായ ഇടിവ് വന്നിട്ടില്ലാത്തവരാകട്ടെ യാത്ര പോലുള്ള അധികച്ചെലവുകളെല്ലാം ഇല്ലാതായതോടെ കൈയിൽ വന്നു ചേർന്ന അധിക തുകയും വായ്പയും ചേർത്ത് രണ്ടാമതൊരു വീട് വാങ്ങാമെന്ന് കരുതുന്നുമുണ്ട്. പലിശ നിരക്ക് കുറഞ്ഞതും വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് മുമ്പത്തെ പോലെ കടുംപിടുത്തമില്ലാത്തതും കണ്ണായ സ്ഥലങ്ങൾ കാര്യമായ വിലക്കുറവിൽ കിട്ടുമെന്നതും ഇത്തരക്കാരെ ആകർഷിക്കുന്ന ഘടകമാണ്.
വായ്പായോഗ്യത
പലിശ നിരക്ക് കുറഞ്ഞതോടെ ഇടപാടുകാരുടെ വായ്പായോഗ്യത കൂടിയിട്ടുണ്ട്. അതായത് 25,000 രൂപ ശമ്പളമുള്ള ഒരാൾക്ക് നിബന്ധനകളനുസരിച്ച് നേരത്തെ 14 ലക്ഷം രൂപ വരെ മാത്രമേ പരമാവധി വായ്പ ലഭിക്കുമായിരുന്നുള്ളു. എന്നാലിപ്പോൾ അയാളുടെ വായ്പാ യോഗ്യത 16 ലക്ഷമായി ഉയർന്നിട്ടുണ്ട്. അതേസമയം റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധി കാരണം മികച്ച ഭവനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കാനുള്ള അവസരവുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അയാൾക്ക് അധികവായ്പയെടുക്കാതെ തന്നെ മെച്ചപ്പെട്ട വീട് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
ഇപ്പോൾ വീടു വാങ്ങാനുദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിയുക
1. പഴയ വായ്പ മുൻകൂർ അടച്ചു തീർക്കും മുമ്പ് ആലോചിക്കുക
നിലവിലുള്ള വായ്പ അടച്ചു തീർത്ത് പുതിയൊരു ഭവന വായ്പ എടുക്കാനാലോചിക്കുന്നവർ കൂടുതൽ കരുതലെടുക്കണം. കാരണം വായ്പ മുൻകൂർ അടയ്ക്കുന്നതിനൊപ്പം ബാങ്കിന്റെ മുൻകൂർ അടവ് ഫീസും സർവീസ് ചാർജും മറ്റും കൂടി അടച്ചു തീർക്കുകയാണ് നല്ലത്. പകരം ബാങ്കുമായി വില പേശി അതെല്ലാം ഒഴിവാക്കി വായ്പ സെറ്റിൽ ചെയ്യുകയാണെങ്കിൽ പിന്നെ അവർക്ക് വീണ്ടും വേറെ ബാങ്കിൽ നിന്ന് വായ്പ കിട്ടുക ബുദ്ധിമുട്ടാകും. ഇത്തരത്തിൽ വായ്പ അദാലത്തിൽ വെച്ച് സെറ്റിൽ ചെയ്തവർക്കും പിന്നീട് ഏതു വായ്പയും കിട്ടാൻ പ്രയാസമായിരിക്കും. ഇത്തരക്കാരുടെ സിബിൽ സ്കോർ മെച്ചപ്പെടുത്തിയെടുക്കുക പണിയാണെന്നു സാരം. വായ്പ മുൻകൂർ അടച്ചു തീർക്കാനുള്ള തിരക്കിനിടെ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്.
കൃത്യമായി തിരിച്ചടവ് നടത്താറുണ്ടോ?
2. ബാങ്കുകൾ ഇപ്പോൾ നിരക്കു കുറച്ചിട്ടുള്ളതിനാൽ പഴയ ഉയർന്ന ഫിക്സഡ് നിരക്കിലെ വായ്പ പുതിയ ബാങ്ക് കുറഞ്ഞ നിരക്കിൽ ഏറ്റെടുക്കുന്ന രീതിയുണ്ട്. യാഥാർത്ഥത്തിൽ എല്ലാ ബാങ്കുകളും ഇത്തരം ടേക്ക് ഓവർ ലോൺ ആണ് ഇപ്പോൾ താൽപ്പര്യപ്പെടുന്നത്. 9.5 ശതമാനവും മറ്റും പലിശയുള്ള വായ്പ ഇത്തരത്തിൽ 6.75 ശതമാനത്തിലേക്കും മറ്റും മാറ്റിവെക്കാനാകും, കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുള്ളവരുടെ വായ്പകളാണ് ബാങ്കുകൾ ഇത്തരത്തിൽ ഏറ്റെടുക്കാറുള്ളത്.
ഉദാഹരണത്തിന്, 20 വർഷ കാലയളവുള്ള 43 ലക്ഷം രൂപയുടെ വായ്പ നാല് വർഷം അടച്ചു തീര്‍ത്തിട്ടുണ്ടെങ്കിൽ ബാക്കി 16 വർഷത്തെ കാലയളവോടെയാകും പുതിയ ബാങ്ക് ഏറ്റെടുത്തിട്ടുണ്ടാകുക എന്നിരിക്കട്ടെ. ഈ വായ്പയ്ക്ക് ഇപ്പോഴത്തെ കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്കായിരിക്കും തുടർന്നുണ്ടാകുക. പഴയ നിരക്കിൽ 39,000ലേറെ രൂപയായിരുന്നു പലിശ അടയ്ക്കേണ്ടിയിരുന്നതെങ്കിൽ പുതിയ പലിശ അനുസരിച്ച് 34,000ലേറെ രൂപ പ്രതിമാസ തവണ അടച്ചാൽ മതി. അതായത് അയാൾക്ക് മാസം 5000 രൂപയോളം പലിശ ഇനത്തിൽ തന്നെ ലാഭിക്കാനാകും. വായ്പ കാലവധിയെത്തുമ്പോൾ ഇയാൾക്ക് പലിശയിൽ ലാഭിക്കാനാകുക 9.6 ലക്ഷത്തിലേറെ രൂപയാണ്! കൃത്യമായ വായ്പ തിരിച്ചടവ് ചരിത്രവും രേഖകളുമുള്ള വായ്പക്കാർക്കാണ് ഏറ്റെടുക്കലിനുള്ള അവസരം ലഭിക്കുക. ലോക്ഡൗണിനെ തുടർന്ന് വായ്പാ മോറട്ടോറിയം സ്വീകരിച്ചിട്ടുള്ളവരാണെങ്കിൽ ഇക്കാര്യത്തിൽ ബാങ്കുകൾ ഇളവ് നൽകുന്നുണ്ട്.
ടോപ് അപ് വായ്പയും
3. അത്യാവശ്യമായി ഫണ്ട് വേണ്ടവർക്ക് പലിശ ഉയർന്ന വായ്പ ഏറ്റെടുത്ത് കുറഞ്ഞ പലിശയിലുള്ള വായ്പയിലേക്കു മാറുന്നതോടൊപ്പം വീടിന്റെ മൂല്യത്തിനനുസരിച്ച് അധിക തുക ടോപ്പ് അപ്പ് വായ്പയും എടുക്കാം. പുതിയൊരു വായ്പ എടുക്കുമ്പോഴുള്ള നൂലാമാലകളും കാലതാമസം ഒഴിവാക്കാനുമാകും. കോവിഡിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് ഇത്തരത്തിൽ പെട്ടെന്ന് ലഭിക്കുന്ന ടോപ്പ്അപ്പ് വായ്പ ആശ്വാസമാകും. സാധാരണ കൂടിയ നിരക്കിൽ ബിസിനസ് വായ്പ എടുക്കുന്നതിന് കാലതാമസം വരുമെന്ന് മാത്രമല്ല ഈട് നൽകുകയും വേണം. ഇവിടെ കുറഞ്ഞ നിരക്കിൽ പെട്ടെന്ന് ടോപ്പ് അപ്പ് ലഭിക്കും എന്നതാണ് പ്രത്യേകത.
4. വരുമാനം കുറഞ്ഞ് മാസത്തവണ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്കും ഇത്തരം രീതി ആശ്വാസകരമാണ്. കൂടിയ നിരക്കിലുള്ള പഴയ വായ്പ ഏറ്റെടുത്ത് പുതിയ കുറഞ്ഞ നിരക്കിലേക്ക് വെക്കാനാകുമെന്ന് മാത്രമല്ല അയാളുടെ തിരിച്ചടവ് ശേഷി മനസിലാക്കി അതിനനുസരിച്ച് കാലാവധി ദീർഘിപ്പിക്കാം. കൈയിൽ അധിക തുക വരികയാണെങ്കിൽ മുതലിലേയ്ക്ക് അടയ്ക്കാനുമാകും.
5. തിരിച്ചടവ് ഇനത്തിൽ ബാക്കി വരുന്ന തുക മ്യൂച്ചൽ ഫണ്ടിലോ മറ്റോ എസ് ഐപി ആയി നിക്ഷേപിച്ചാൽ ആ ഇനത്തിൽ വായ്പ അടച്ചു തീരുമ്പോൾ അധിക തുക കൈയിൽ വരികയും ചെയ്യും.
6. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഭവനവായ്പയ്ക്ക് മതിയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. ഒപ്പം തന്നെ ഭവന വായ്പയുടെ പലിശ ഇനത്തിൽ അടയ്ക്കുന്ന തുകയ്ക്ക് നികുതി ആനുകൂല്യമുള്ളതിനാൽ ആദായ നികുതി ക്ലെയിം ഉറപ്പാക്കുകയും വേണം.