ഡിജിറ്റല്‍ ഡിവൈസ് ചലഞ്ച് : മമ്മൂട്ടിയുടെ സ്മാര്‍ട്ട് ഫോണ്‍ വിതരണപദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിച്ചത് 25 ഫോണുകള്‍
ഇടുക്കി ജില്ലാ ഭരണകൂടത്തിന് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍. ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട് ഫോണ്‍ വിതരണ പദ്ധതിയായ വിദ്യാമൃതം 2021 ന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന് 25 ഫോണുകള്‍ കൈമാറിയത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ഇടുക്കി ജില്ലയിലെ കുട്ടികള്‍ക്കായുള്ള ആദ്യ ഘട്ടം മൊബൈലുകള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ കളക്ടര്‍ക്ക് കൈമാറി. ഇടുക്കി എഡിഎം ഷൈജു പി ജേക്കബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത് മുതല്‍ ലഭിച്ച ഏഴായിരം അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് സംഘടന സഹായം ലഭ്യമാക്കുന്നത്. അനാഥാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള അപേക്ഷകള്‍ എന്ന മുന്‍ ഗണന ക്രമത്തില്‍ ആണ് ഗുണഭോക്താക്കളേ തിരഞ്ഞെടുക്കുന്നത്. ഇടുക്കി ജില്ലാ ഭരണകൂടം ഡിജിറ്റല്‍ ഡിവൈസ് ചലഞ്ച് ആരംഭിച്ചതറിഞ്ഞാണ് ആദ്യഘട്ടമെന്നോണം 25 ഫോണുകള്‍ കൈമാറിയത്.
പരിപാടിയില്‍ എഡിഎം ഷൈജു പി ജേക്കബ്, കളക്ടര്‍ടെ സിഎ വിജേഷ് വിറ്റി, അജി ചെല്ലാവിളയില്‍, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍ നാഷണല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി അമീര്‍ തൊടുപുഴ തുടങ്ങിയവര്‍ പങ്കെടുത്തു.