ക്ഷേത്ര ദർശനത്തിനു പോയ അഞ്ചംഗ കുടുംബത്തിന് 17,500 രൂപ പിഴയിട്ട് പൊലീസ്
പെരുവന്താനം: ക്ഷേത്ര ദർശനത്തിനു പോയ അഞ്ചംഗ കുടുംബത്തിന് 17,500 രൂപ പിഴയിട്ട് പൊലീസ്. കൊക്കയാർ കൊടികുത്തി എസ്‌റ്റേറ്റിലെ തൊഴിലാളി മാന്തറയിൽ മോഹനനും കുടുംബത്തിനുമാണ് പൊലീസ് വൻ തുക പിഴ ചുമത്തിയത്. ഒരാൾക്ക് 3,500 രൂപ വീതമാണ് പിഴ.മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ഞങ്ങാനത്തു വച്ചാണ് പെരുവന്താനം സ്‌റ്റേഷനിലെ അഡീഷണൽ എസ്‌ഐയും സംഘവും മോഹനൻ സഞ്ചരിച്ച കാർ പരിശോധിച്ചത്. സത്യവാക്‌മൂലം കാണിക്കുകയും ക്ഷേത്രത്തിൽ പോവുകയാണ് എന്ന് അറിയിക്കുകയും ചെയ്‌തു. മടങ്ങി വരുമ്പോൾ ആശുപത്രിയിലും കയറണം എന്നതിനാലാണ് ലോക്ക്ഡൗൺ ദിനത്തിൽ യാത്ര ചെയ്‌തത് എന്നും മോഹനൻ പൊലീസിനോട് പറഞ്ഞു.
കേസെടുക്കില്ലെന്ന് പറഞ്ഞ പൊലീസ് വിലാസം എഴുതി എടുത്തു വിട്ടയച്ചു. എന്നാൽ പിന്നീട് കേസ് രജിസ്റ്റർ ചെയ്‌തതായി വിവരം ലഭിച്ചെന്ന് മോഹനൻ പറയുന്നു. സ്‌റ്റേഷനിൽ അന്വേഷിച്ചപ്പോൾ അഞ്ച് പേർക്കെതിരെ കേസുണ്ടെന്നും 3500 രൂപയോളം വീതം എല്ലാവരും പിഴ നൽകേണ്ടി വരുമെന്നും അറിയിച്ചു. ഇനി കോടതിയിൽ നിന്ന് സമൻസ് വരുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും മോഹനൻ പറഞ്ഞു. പണം എത്ര അടയ്ക്കണം എന്ന കാര്യത്തിൽ ഇനി കോടതി കനിയണം.