‘സര്‍ക്കാരും വനം മന്ത്രിയും രാജിവയ്ക്കണം’; വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭാ നേതൃത്വം


വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിറോ മലബാര്‍ സഭാ നേതൃത്വം. വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരും വനം മന്ത്രിയും രാജിവയ്ക്കണമെന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന പ്രതിപക്ഷ ആരോപണത്തെ മൂര്‍ച്ചകൂട്ടി ഏറ്റെടുത്തിരിക്കുകയാണ് സീറോ മലബാര്‍ സഭ നേതൃത്വം. വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരും വനം മന്ത്രിയും രാജിവയ്ക്കണമെന്ന് താമരശേരി- കാഞ്ഞിരപ്പള്ളി ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.
രാജി വെച്ചാല്‍ പ്രശ്ന പരിഹാരം ആകുമോ എന്ന് ചോദിച്ച വനം മന്ത്രി എ കെ ശശീന്ദ്രന്, രാജി ആവശ്യം രാഷ്ട്രീയമെന്ന് തിരിച്ചടിച്ചു.ബിഷപ്പുമാര്‍ നല്ല രീതിയില്‍ സംസാരിക്കുന്നവരാണോ എന്ന് ചില സമയങ്ങളില്‍ സംശയം എന്നും വനംമന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമില്ല. ചെയ്യാനാവുന്നതിന്റെ പരമാവധി പ്രശ്നം സര്‍ക്കാര്‍ പരിഹരിക്കുന്നുണ്ട്. വനവാസികള്‍ അല്ലാത്തവര്‍ വനത്തില്‍ കയറരുതെന്ന മുന്‍ നിലപാട് മന്ത്രി വീണ്ടും ആവര്‍ത്തിച്ചു. സംസ്ഥാനം സവിശേഷമായ ഈ സാഹചര്യം മറികടക്കണമെങ്കില്‍ കേന്ദ്രം പിടിവാശി ഒഴിയണമെന്നും മന്ത്രി പഴിക്കുന്നു.
രാജി ആവശ്യപ്പെട്ട കത്തോലിക്ക സഭ നേതൃത്വവുമായി മന്ത്രി എ.കെ ശശീന്ദ്രന് ഇടഞ്ഞത് ഇടത് മുന്നണിക്ക് തലവേദനയാകും.