പാതി വില തട്ടിപ്പ്; വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടു; അനന്തു കൃഷ്ണൻ ആസൂത്രണം ചെയ്തത് വൻ തട്ടിപ്പുകൾ


പാതി വില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ ആസൂത്രണം ചെയ്തത് വൻ തട്ടിപ്പുകൾ. കഴിഞ്ഞ ഏപ്രിലിൽ എൻജിഒ കോൺഫെഡറേഷൻ യോഗത്തിലാണ് അനന്തു പുതിയ തട്ടിപ്പ് പദ്ധതികൾ വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ അപ്പാരൽ പാർക്ക് പദ്ധതിയുടെ ഭാഗമായി ഗാർമെൻ്റ് ക്ലസ്റ്ററുകൾ തുടങ്ങുമെന്ന വ്യാജ വാഗ്ദാനമാണ് യോഗത്തിൽ ഇയാൾ നൽകിയത്.അനന്തു കൃഷ്ണൻ്റെ ശബ്ദരേഖ ലഭിച്ചു.
തന്റെ പദ്ധതിയിൽ രൂപതകളുടെ സഹായവുമുണ്ടെന്ന അവകാശവാദവും ഇയാൾ യോഗത്തിൽ നടത്തി. അറുപതിലധികം രൂപതകൾ സഹായിച്ചെന്നാണ് അവകാശവാദം. എന്നാൽ രൂപതകളുടെ പേര് അനന്തു പരാമർശിച്ചിട്ടില്ല. വിദ്യാർഥികളെ ലക്ഷ്യമിട്ട് വൊളൻ്റിയർ ഗ്രാം തുടങ്ങാനിരുന്നു. ലാപ് ടോപ് നൽകിയത് ഇൻസ്റ്റഗ്രാമിന് ബദൽ പ്ലാറ്റ് ഫോം സൃഷ്ടിക്കാൻ എന്ന അവകാശവാദവും അനന്തു കൃഷ്ണൻ നടത്തി. കേരളത്തിലെ വിദ്യാർത്ഥികളെ ഇതിലൂടെ തട്ടിപ്പിൽ പങ്കാളിയാക്കാനായിരുന്നു ഇയാളുടെ നീക്കം. ഈ ആപ്പിനെ പിന്നീട് വിൽക്കുമെന്നും പറഞ്ഞു.
ലാപ്ടോപ് നൽകിയി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അനന്തു പറഞ്ഞു. ഇതൊരു ബിസിനസ് ആണെന്നും അതിന് വേണ്ടി ഫീൽഡിലിറങ്ങി പണിയെടുക്കാൻ കഴിയുന്ന കുട്ടികളെ ജോബ് പോർട്ടലിലേക്ക് സജ്ജമാക്കുകയെന്നതാണ് ലാപ്ടോപ്പ് കൊടുത്തപ്പോൾ ചെയ്തതെന്ന് അനന്തു പറയുന്നു. വ്യവസായ യൂണിറ്റുകൾ തുടങ്ങും എന്നും അനന്തു കൃഷ്ണൻ പ്രചരിപ്പിച്ചു.