രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് വീണ്ടും ഹാട്രിക് ഡക്ക്


70 നിയമസഭാ മണ്ഡലങ്ങൾ. ഒരിടത്തു പോലും കോൺഗ്രസ് രണ്ടാമത് എത്തിയില്ല. സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര യാദവിന് മാത്രമാണ് പേരിനെങ്കിലും നല്ല പ്രകടനം കാഴ്ചവെയ്ക്കാനായത്. ന്യൂഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ മകൻ സന്ദീപ് ദീക്ഷിത്, കൽക്കാജിയിൽ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബ അടക്കമുള്ള കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥികൾ നല്ലൊരു മത്സരം പോലും ഒരുക്കാതെ കീഴടങ്ങി.
എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനഞ്ച് വർഷത്തോളം രാജ്യ തലസ്ഥാനത്ത് അധികാരത്തിലിരുന്ന പാർട്ടിക്കാണ് ഈ ദുർവിധി. വോട്ടിംഗ് ശതമാനത്തിൽ പോലും കാര്യമായ നേട്ടം ഉണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല . ജനക്ഷേമ പദ്ധതികൾ ഉൾപ്പെടെ നിരത്തി ആയിരുന്നു പ്രചരണമെങ്കിലും രാഹുലിനും പ്രിയങ്ക ഗാന്ധിക്കും അപ്പുറം മറ്റൊരു നേതൃമുഖം ഇല്ലാതെ പോയതും രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് വെല്ലുവിളിയായി. ഇനി ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള തിരിച്ചുവരവിന് കോൺഗ്രസിന് വെല്ലുവിളികൾ ഏറെയാണ്.