‘തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാല്‍ ചലിക്കില്ല; കേരള സര്‍വകലാശാലയില്‍ സമരം തുടരും’ ; പി.എം ആര്‍ഷോ


കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് ഇന്നും എസ്എഫ്‌ഐ പ്രതിഷേധം. പുതിയ വിദ്യാര്‍ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി സി അനുവദിക്കാത്തതിലും ഇന്നലെത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്‌ഐ ആഗ്രഹിച്ചതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറാന്‍ അനുവദിക്കില്ല എന്ന ഏകാധിപത്യപരമായുള്ള സമീപനമാണ് വിസി മോഹനന്‍ കുന്നുമ്മലിന്റെതെന്നും ആര്‍ഷോ പറഞ്ഞു.
കലോത്സവമടക്കം കേരള സര്‍വകലാശാലയ്ക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കുന്ന സമീപനമാണ് വിസിയുടേത്. ഇതിലൂടെ അവര്‍ക്ക് ലഭിക്കേണ്ട ഗ്രേസ്് മാര്‍ക്കും നിഷേധിക്കുന്നു. മോഹനന്‍ കുന്നുമ്മല്‍ എന്ന ആര്‍എസ്എസുകാരന് എസ്എഫ്‌ഐയെ കണ്ടാല്‍ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്. ഹാലിളകിയാല്‍ നിലക്ക് നിര്‍ത്താന്‍ എസ്എഫ്‌ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാല്‍ ചലിക്കില്ല. അതിന് കേരളത്തിലെ മുഴുവന്‍ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതി – ആര്‍ഷോ വ്യക്തമാക്കി.
ഇന്നലെ ഡിസിപി അക്രമം അഴിച്ചുവിട്ടുവെന്നും ആര്‍ഷോ ആരോപിച്ചു. കര്‍ണാടകയിലെ നിങ്ങള്‍ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല കേരളത്തെ എസ്.എഫ്.ഐയെന്നും ആര്‍ഷോ പറഞ്ഞു. സര്‍വകലാശാലയുടെ പടിവാതില്‍ക്കല്‍ ഞങ്ങള്‍ സമരം പുനരാരംഭിക്കുകയാണ്. ജനാധിപത്യപരമായി സമരം മുന്നോട്ടു പോകും. ഇങ്ങോട്ട് അസഹിഷ്ണുത കാണിച്ചാല്‍ ഞങ്ങളും അങ്ങോട്ട് കാണിക്കും. നീതി ലഭിക്കും വരെ സമരം തുടരും – അദ്ദേഹം വ്യക്തമാക്കി.