കട്ടപ്പന മുനിസിപ്പാലിറ്റിക്ക് കുടിവെള്ള വിതരണത്തിനായി38.87 കോടിയുടെ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിന്‍
തുക നിലവില്‍ അനുവദിച്ചിട്ടുള്ള 20.60 കോടിക്ക് പുറമേ
തിരുവനന്തപുരം: കട്ടപ്പന അയ്യപ്പന്‍കോവില്‍ കാഞ്ചിയാര്‍ കുടിവെള്ള പദ്ധതിയിലെ കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തുന്നതിന് 38.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കാഞ്ചിയാര്‍ പഞ്ചായത്തിലെ കല്‍ത്തൊട്ടിയില്‍ നിന്നും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും നരിയമ്പാറ ബോട്ടം, നരിയമ്പാറ ടോപ്പ് എന്നിവിടങ്ങളില്‍ പമ്പ് ഹൗസ്, ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനും മുനിസിപ്പാലിറ്റിയിലെ തന്നെ കൊച്ചു തോവാള, മുളകരമേട് എന്നീ സ്ഥലങ്ങളിലെ നിലവിലെ സംഭരണ ടാങ്കുകളിലേക്കുള്ള പൈപ്പ് ലൈനുകള്‍ പൂര്‍ത്തീകരിക്കുന്നതിനുമായാണ് തുക വിനിയോഗിക്കുക.
കട്ടപ്പന പഞ്ചായത്ത് ആയിരിക്കുമ്പോള്‍ വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള ജലലഭ്യതയില്‍ നിന്നും ഇപ്പോള്‍ കട്ടപ്പന നഗരസഭയായ ശേഷം കൂടുതല്‍ ജലം ലഭ്യമാകുന്നതിലേക്കായുള്ള പ്രവര്‍ത്തനങ്ങളും ഈ തുക ഉപയോഗിച്ച് ചെയ്യും. അഞ്ചുരുളിയില്‍ സ്ഥാപിക്കുന്ന 35 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വരുന്ന പൈപ്പ് ലൈനുകളില്‍ നിന്നും മുനിസിപ്പാലിറ്റിയിലേയ്ക്കായി പ്രത്യേക ലൈന്‍ സ്ഥാപിച്ച് കല്ലുകുന്നിലെ പത്ത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണ ടാങ്കിലേക്ക് വെള്ളം എത്തിക്കുകയും ഈ സംഭരണ ടാങ്കില്‍ നിന്നും മുന്‍സിപ്പാലിറ്റിയുടെ വിവിധ ഇടങ്ങളിലേക്ക് പ്രധാന പ്രേഷണ ലൈനുകള്‍ സ്ഥാപിച്ച് വിതരണ ശൃംഖലകളില്‍ കൂടുതല്‍ വെള്ളം എത്തിക്കുകയും ചെയ്യും.
പുതിയ ടാങ്കില്‍ നിന്നും കല്ലുകുന്നിലെ ഉയര്‍ന്ന പ്രദേശത്തുള്ള ടാങ്കില്‍ കൂടി ഉയര്‍ന്ന പ്രദേശത്ത് കൂടി കുടിവെള്ള വിതരണം സാധ്യമാകും. ഇത് യാഥാര്‍ത്ഥ്യമാക്കുന്ന അഞ്ചുരുളി ശുദ്ധീകരണ പ്ലാന്റിന്റെ സൈറ്റ് ക്ലിയറന്‍സ് ജോലികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. ഈ പ്രവര്‍ത്തിയുടെ തന്നെ ഭാഗമായ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തോണിത്തടിയിലെ ചെക്ക് ഡാം പ്രവര്‍ത്തികള്‍ക്ക് കെ.എസ്.ഇ.ബി.യുടെ അനുവാദം ലഭ്യമായതിനെ തുടര്‍ന്ന് നിര്‍മാണത്തിന്റെ പ്രാരംഭനടപടികള്‍ തുടങ്ങി കഴിഞ്ഞു.
ഇതോടൊപ്പം അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ ഉള്ള വിവിധ പ്രവര്‍ത്തികള്‍ ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ഇപ്പോള്‍ പുരോഗമിച്ചു വരികയാണ്. അമൃത് പദ്ധതി പ്രകാരം 17 കോടി രൂപയുടെ നിലവില്‍ നടക്കുന്ന പ്രവര്‍ത്തികളും കഴിഞ്ഞമാസം പുതുതായി ലഭ്യമായ അമൃത് പദ്ധതി പ്രകാരം 20.60 കോടി രൂപയുടെ പ്രവര്‍ത്തികളും പൂര്‍ത്തിയാകുമ്പോള്‍ വിതരണ ശൃംഖലകളുടെ പ്രവര്‍ത്തനം ഭൂരിഭാഗം പ്രദേശങ്ങളിലും നടത്തി 8000 ഓളം കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ കഴിയും. ബാക്കിയുള്ള പ്രദേശങ്ങളില്‍ കൂടി വെള്ളം എത്തിക്കുന്നതിന് 100 കോടി രൂപയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.