സിപിഐഎമ്മുമായി സഹകരിക്കില്ല: പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധിച്ച് കലാ രാജു; കൗൺസിൽ യോഗത്തിൽ ബഹളം
കൂത്താട്ടുകുളത്തെ നാടകീയ ‘തട്ടിക്കൊണ്ടുപോകലിന്’ ശേഷം സിപിഐഎം കൗൺസിലർ കല രാജു പങ്കെടുക്കുന്ന ആദ്യ കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് ബഹളം തുടങ്ങിയത്. തുടർന്ന് കല രാജു കോടതിക്ക് മുൻപാകെ നൽകിയ രഹസ്യമൊഴിയിലും കൗൺസിലിൽ വാദപ്രതിവാദമുണ്ടായി. തുടർന്ന് പ്രതിപക്ഷം ദയാസിം മുൻപാകെ പ്രതിഷേധിച്ചു. കല രാജുവും പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധിച്ചു.
നേരത്തെ കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുൻപായി താൻ സിപിഐഎമ്മുമായി സഹകരിക്കില്ലെന്നും യുഡിഎഫിനൊപ്പം നിൽക്കുമെന്നും കല രാജു വ്യക്തമാക്കിയിരുന്നു. ന്യായമായ കാര്യങ്ങളിൽ പ്രതിപക്ഷത്തിൻ്റെ ഒപ്പം നിൽക്കുമെന്നും എന്നാൽ രാജി വെക്കില്ല എന്നും കല രാജു പറഞ്ഞിരുന്നു.
സിപിഐഎം കൗൺസിലറായ കലാ രാജുവിനെ ജനുവരി 18നാണ് നടുറോഡിൽ വെച്ച് സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന ആരോപണമാണ് കൂത്താട്ടുകുളത്തെ സംഘർഷങ്ങളുടെ തുടക്കം. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു.
തുടർന്ന് സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വിഷയം നിയമസഭയിലുമെത്തി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്, ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതിലേക്കും നയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കലാ രാജു കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.