കേന്ദ്ര ബജറ്റ്: ആഘോഷിക്കാന്‍ ആദായ നികുതി ഇളവ് മാത്രം; കേരളത്തിന് പതിവുപോലെ നിരാശ
ആദായ നികുതി പരിധി ഉയര്‍ത്തിയതുള്‍പ്പെടെ മധ്യവര്‍ഗത്തെ ചേര്‍ത്തുപിടിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ധനമന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റില്‍, 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. 7 ലക്ഷത്തില്‍ നിന്നാണ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയത്. പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നികുതി ദായകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എളുപ്പത്തില്‍ മനസിലാകുംവിധം പുതിയ വ്യവസ്ഥകള്‍ ലളിതവും വ്യക്തവുമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
വാടകയിനത്തിലുള്ള വരുമാനത്തില്‍ ടിഡിഎസ് (ഉറവിട നികുതി) ഈടാക്കുന്നതിനുള്ള പരിധി 2.40 ലക്ഷം രൂപയില്‍ നിന്ന് ആറു ലക്ഷമായി ഉയര്‍ത്തി. മുതര്‍ന്ന പൗരര്‍ക്ക് പലിശ വരുമാനത്തിലെ ടിഡിഎസ് പരിധി അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാക്കിയതും മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യും.
സൂക്ഷ്മ, ചെറുകിട സംരഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള വായ്പാപരിധി വര്‍ധിപ്പിച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. സൂക്ഷ്മ, ചെറുകിട സംരഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി 5 കോടിയില്‍ നിന്ന് 10 കോടിയായും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി 10 കോടിയില്‍ നിന്ന് 20 കോടിയായും ഉയര്‍ത്തി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാരെപ്പോലുള്ള ഗിഗ് വര്‍ക്കേഴ്സിനെ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഭാഗമാക്കും. ഇവര്‍ക്ക് രജിസ്ട്രേഷനും തിരിച്ചറിയല്‍ രേഖയും ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തും. കാര്‍ഷികോത്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ധന് ധാന്യ കൃഷി യോജന നടപ്പിലാക്കും. ഇത് 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ചെറുധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടെ ആത്മനിര്‍ഭരത പദ്ധതിയും പ്രഖ്യാപിച്ചു.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള 36 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി. മറ്റ് 37 ഇനം മരുന്നുകള്‍ക്കും നികുതി കുറക്കും. വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവില്‍ പൊറുതിമുട്ടുന്ന സാധാരണക്കാരെ സംബന്ധിച്ച് തീരുമാനം ഏറെ ആശ്വാസമാണ്.
ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം, നിര്‍മിത ബുദ്ധിക്കായി മികവിന്റെ കേന്ദ്രം, മെഡിക്കല്‍ കോളജുകളില്‍ 10000 അധിക സീറ്റുകള്‍, എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ആശുപത്രികളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ചെറുകിട ആണവ റിയാക്ടറുകളെക്കുറിച്ചുള്ള ഗവേഷണത്തിന് സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിനാണ് സംസ്ഥാനങ്ങളില്‍ മുന്തിയ പരിഗണന ലഭിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, പറ്റ്ന ഐഐടിയുടെ വികസനം, ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, ജലസേചന പദ്ധതികള്‍, മഖാന ബോര്‍ഡ് എന്നിങ്ങനെ പോകുന്നു ബിഹാറിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍. എന്‍ഡിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബിഹാറിന് ഇടക്കാല ബജറ്റിലും വലിയ പ്രാധാന്യം ലഭിച്ചിരുന്നു.
അതേസമയം, കേരളത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഇത്തവണത്തെ ബജറ്റിലും ഉണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി ആവശ്യപ്പെട്ട പ്രത്യേക പാക്കേജിനെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. എയിംസ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളുമുണ്ടായില്ല. കയറ്റുമതിയും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ നിര്‍മല സീതാരാമന് വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പോലും ഗൗനിച്ചില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.