കട്ടപ്പനയിൽ മനോരമ കാർഷികമേള ഫെബ്രുവരി 3 മുതൽ
കർഷകർക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി മലയാള മനോരമ കർഷകശ്രീ ഒരുക്കുന്ന കർഷകസഭക്ക് ഫെബ്രുവരി 3 ന് കട്ടപ്പനയിൽ തുടക്കമാകും. ഫെബ്രുവരി 3 മുതൽ 5 വരെ കട്ടപ്പന പള്ളികവല സെന്റ് ജോർജ് പാരിഷ് ഹാളിലാണ് കാർഷികമേള. പ്രവേശനം സൗജന്യമാണ്. കർഷകസഭയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രദർശന വിപണന മേളയിൽ കൃഷിയുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ട്. അറിയാനും ആസ്വദിക്കാനും സ്വന്തമാക്കാനുമായി ഒട്ടേറേ കൃഷി പുതുമകളാണ് സന്ദർശകർക്കായി ഒരുങ്ങുന്നത്.
ഗുണമേന്മയേറിയ ഫലവൃക്ഷ തൈകൾ , അപൂർവയിനം പൂച്ചെടികൾ, വിത്തുകൾ എന്നിവയുമായി സംസ്ഥാനത്തെ പ്രമുഖ നഴ്സറികൾ കർഷകസഭയിൽ എത്തും.
വിവിധയിനം കാർഷിക യന്ത്രങ്ങൾ, ഡ്രയറുകൾ, പുതുതലമുറ വളങ്ങൾ, പോട്ടിങ് മാധ്യമങ്ങൾ, കീടനാശിനികൾ, കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകൾ എന്നിവയെല്ലാം കർഷകസഭയിലെ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. വിള ഇൻഷുറൻസുമായി ബന്ധപ്പെട്ട സ്റ്റാളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
3 ദിവസങ്ങളായി നടക്കുന്ന മേളയിൽ ഏലം കർഷകർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, കൃഷി ലാഭകരമാക്കാനുള്ള വഴികൾ, ഇടുക്കി ജില്ലയിലെ വന്യമൃഗശല്യം , ഭൂപ്രശ്നങ്ങൾ, കുരുമുളക് കൃഷിക്ക് ഉണർവേകാനുള്ള പുതുവഴികൾ, വിദേശയിനം പഴവർഗകൃഷി തുടങ്ങിയ വിവിധ സെമിനാറുകളിൽ ചർച്ച ചെയ്യും. വിവിധ മന്ത്രിമാർ, കൃഷി ഗവേഷകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും. പൊതുജനങ്ങൾക്ക് സംശയങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ രേഖപെടുത്താനും അവസരം ഉണ്ട്.