പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഐ ഓ സി പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ ക്യാംപസ് (ഐ ഓ സി ) പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
കോളേജിലെ ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെയും ടെക്നോളജി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പദ്ധതി പ്രവർത്തിക്കുക.
ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ ബോർഡുകൾ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ദിനംപ്രതി നൂറോളം ബോർഡുകൾ നിർമ്മിക്കുന്നതിനുള്ള ശേഷി ഇവിടെയുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യഥാർത്ഥ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനും വിദ്യാർത്ഥികളിൽ പ്രായോഗിക പരിജ്ഞാനം വളർത്താനുമായി രൂപകൽപന ചെയ്ത പദ്ധതിയാണ് ഐ ഓ സി. പഠനകാലത്തുതന്നെ സമ്പാദിക്കുക എന്ന ആശയത്തിലൂടെ വിദ്യാർത്ഥികളിൽ വ്യാവസായിക സംസ്കാരം രൂപപ്പെടുത്തുകയും തൊഴിൽസാധ്യതകളെ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറനാംകുന്നേൽ അധ്യക്ഷത വഹിച്ചു. എച്ച് ആർ ഡി ഡയറക്ടർ ഡോ വി എ അരുൺകുമാർ , ജില്ലാപഞ്ചായത്ത് അംഗം കെ ജി സത്യൻ , ഗ്രാമപഞ്ചായത്ത് അംഗം രാജു കല്ലറയ്ക്കൽ , മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.എം എൽ എ ഫണ്ടിൽ നിന്ന് ആറുലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കോളേജിലെ കുടിവെള്ള സ്രോതസിൻ്റെ മേൽക്കൂരയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.