ആസൂത്രണത്തിൽ ദീർഘവീക്ഷണം അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ


ആസൂത്രണത്തിലെ മികവാണ് വികസന പ്രക്രിയയുടെ നട്ടെല്ലെന്നും അതിനാൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തിൽ ചെറുതോണി ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാ പദ്ധതി സംബന്ധിച്ച ജില്ലാതല കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തിൻ്റെയും വികസന ഭാവി ലക്ഷ്യമാക്കി വേണം ആസൂത്രണ നടത്താൻ. ഇതിനായി വിവരശേഖരണവും വിശദാംശങ്ങളുടെ പരിശോധനയും അനിവാര്യമാണെന്ന കാര്യം മറക്കരുതെന്നു മന്ത്രി ഓർമ്മിപ്പിച്ചു.
പരിപാടിയിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാരിച്ചൻ നീറണാകുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡംഗം പ്രൊഫ. ജിജു പി അലക്സ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ എല്ലാ മേഖലകളേയും സംബന്ധിച്ച് വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുക എന്നതാണ് ജില്ലാ പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനാവശ്യമായ പ്രാഥമികവിവരങ്ങൾ ക്രോഡീകരിച്ച് പദ്ധതി രൂപീകരണത്തിൽ പൊതുസ്വഭാവം കൈവരിക്കാൻ ശ്രമിക്കണമെന്നും ജിജു പി അലക്സ് സൂചിപ്പിച്ചു. ജില്ലാ പദ്ധതിയുടെ ലക്ഷ്യം, രീതിശാസ്ത്രം, ഉള്ളടക്കം എന്നിവ സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം ചീഫ് ജെ ജോസഫൈൻ വിശദീകരിച്ചു.
ജില്ലാ കലക്ടർ വി വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, ആസൂത്രണ സമിതി അംഗങ്ങളായ ഉഷാകുമാരി മോഹൻ കുമാർ, ഷൈനി സജി, സർക്കാർ നോമിനി കെ ജയ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, അസി പ്ലാനിംഗ് ഓഫീസർ റൂബിൻ ജോർജ് , മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.