അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ ഇന്ത്യ സൂപ്പര്‍ സിക്സില്
അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്സിലേക്ക് മന്നേറി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 60 റണ്‍സിന് ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 118 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കക്ക് 58 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. മലയാളി താരം വിജെ ജോഷിദ, ശബ്നം ഷാഹില്‍, പറോണിക സിസോദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 44 ബോളില്‍ നിന്ന് 49 റണ്‍സ് എടുത്ത ഓപ്പണര്‍ ഗോങ്കടി തൃഷയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. പത്ത് ബോളില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സും അടക്കം പതിനാറ് റണ്‍സ് എടുത്ത മിഥില വിനോദ്, ഒരു സിക്സും ഫോറും അടക്കം ഒമ്പത് ബോളില്‍ നിന്ന് പതിനാല് റണ്‍സ് എടുത്ത വിജെ ജോഷിദ, രണ്ട് ബൗണ്ടറിയടക്കം പതിനാല് ബോളില്‍ നിന്ന് പതിനൊന്ന് റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ നിഖി പ്രസാദ് എന്നീ താരങ്ങളാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം തികച്ചവര്‍. ആറ് പോയിന്റോടെ എ ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ സിക്സിലേക്ക് മുന്നേറിയത്. അതേ സമയം ഇന്ത്യയോട് തോറ്റെങ്കിലും നാല് പോയിന്റുള്ള ശ്രീലങ്കയും സൂപ്പര്‍ സിക്സില് എത്തിയിട്ടുണ്ട്. ശ്രീലങ്കക്കായി പ്രമുദി മേത്സാര, ലിമാന്‍സ തിലകരത്ന, അസെനി തലഗുനെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് ബൗണ്ടറിയടക്കം പന്ത്രണ്ട് ബോളില്‍ നിന്ന് പതിനഞ്ച് റണ്‍സ് എടുത്ത രശ്മിക സേവ്വണ്ടി മാത്രമാണ് ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ ഇടയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത്.