തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് കറങ്ങി നടന്ന വ്യാജ ഡിവൈഎസ്പിയെ കുടുക്കിയത് കട്ടപ്പന ഡിവൈഎസ്പിയുടെ ഇടപെടൽ
കുമളി ∙ തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് കറങ്ങി നടന്ന വ്യാജ ഡിവൈഎസ്പിയെ കേരള പൊലീസ് കുടുക്കി. ചെന്നൈ സ്വദേശി സി.വിജയൻ (41) ആണ് കേരള പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് ഡിണ്ടിഗൽ ജില്ലയിലെ പട്ടിവീരൻപെട്ടിയിൽ തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. 2 മൊബൈൽ ഫോണുകളും തമിഴ്നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡും പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു.
പൊലീസ് എന്നെഴുതിയ വാഹനത്തിൽ ഇയാൾ കഴിഞ്ഞ ദിവസം കുമളി ചെക്പോസ്റ്റ് കടന്ന് കേരളത്തിലെത്തി. തമിഴ്നാട് പൊലീസ് വ്യാപകമായി ഉപയോഗിക്കുന്ന വെള്ള ജീപ്പിലായിരുന്നു വരവ്. തനിയെ വാഹനമോടിച്ചെത്തിയ ഇയാൾ കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു. മടങ്ങാൻ തുടങ്ങുമ്പോൾ പൊലീസ് സ്റ്റേഷന്റെ ചിത്രം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി. ഇയാളുടെ പെരുമാറ്റത്തിൽ ഡിവൈഎസ്പിക്കു സംശയം തോന്നി.
sponsored advertisement
തുടർന്ന് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു പൊലീസ് ഉദ്യോഗസ്ഥർ അവിടെയില്ലെന്ന് അറിഞ്ഞത്. ഇതിനിടെ കേരളത്തിൽനിന്ന് ഇയാൾ തിരിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിണ്ടിഗൽ ജില്ലയിൽ വച്ച് വിജയനെ തമിഴ്നാട് പൊലീസ് പിടികൂടി.