കുഷ്ഠരോഗനിർണയ പരിപാടി “അശ്വമേധം 6.0” ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ
കുഷ്ഠരോഗനിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി രോഗനിർണയ പരിപാടി “അശ്വമേധം 6.0” ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്നു. രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം ,പ്രാഥമിക പരിശോധന, രോഗബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ലക്‌ഷ്യം.
പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ അടങ്ങിയ സെർച്ച് ടീം ഭവനസന്ദർശനത്തിലൂടെ രണ്ടു വയസിന് മുകളിൽ പ്രായമുള്ളവരെ പരിശോധിച്ച് ലക്സന്ങ്ങൾ ഉള്ളവരെ അടുത്തുള്ള ആരോഗ്യസ്ഥാപനത്തിലേക്ക് റഫർ ചെയ്യും. അതിഥിതൊഴിലാളി ക്യാമ്പുകൾ ,വിദ്യാഭ്യാസസ്ഥാപനങ്ങൾ ,ആദിവാസി മേഖലകൾ എന്നിവിടങ്ങളിൽ സെർച്ച് ടീം എത്തും.
മൈകോബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന വായുജന്യരോഗമാണ് കുഷ്ഠം. രോഗലക്ഷണങ്ങൾ പ്രകടമാകാൻ മൂന്നു മുതൽ അഞ്ചു വർഷംവരെയെടുക്കും .തൊലിപ്പുറത്ത് ഉണ്ടാകുന്ന സ്പർശനശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ നിറം മങ്ങിയ ചുവന്ന ‘പാടുകൾ, ബാഹ്യഞരമ്പുകളിലെ തടിപ്പ് , വേദന, കൈകാലുകളിലെ മരവിപ്പ് , വേദന, ബലക്ഷയം എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ.