10,000 വാട്ടർ ടാക്സികളുമായി മഹാരാഷ്ട്ര
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ 10,000 വാട്ടർ ടാക്‌സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. വിമാന താവളത്തിലേക്ക് വടക്കുകിഴക്ക് മേഖലകളിലുള്ളവർക്ക് വേഗത്തിൽ നവിമുംബൈയിലേക്ക് എത്താൻ ഈ ജലഗതാഗതത്തിലൂടെ സാധിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
മുംബൈയിൽനിന്നു കല്യാൺ, ഡോംബിവ്‌ലി, വിരാർ മേഖലകളിൽനിന്നു ബേലാപുരിലേക്കു കൂടുതൽ വാട്ടർ ടാക്സികൾ ആരംഭിക്കാനാണു പദ്ധതി. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ഈ വാട്ടർ ടാക്സികൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും സഹായിക്കും. നേരത്തേ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും യാത്രക്കാർ കുറവായതിനാൽ പിന്നീട് ആ സർവീസ് നിർത്തി. വിരാർ, ഡോംബിവ്‌ലി, കല്യാൺ, പ്രദേശങ്ങളിൽ നിന്നു വാട്ടർ ടാക്സി ഉപയോഗിച്ചാൽ 70 മിനിറ്റിനുള്ളിൽ പുതിയ വിമാനത്താവളത്തിലേക്ക് എത്താം.