ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്‌സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്‌സി
ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്‌സിയാണ് എതിരാളികൾ.
ഗോകുലം കേരള എഫ്‌സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ മത്സരങ്ങളും ജയിച്ച് പ്രതീക്ഷ നിലനിർത്തിയ ടീം, നാംധാരിഎഫ്‌സിയെയും കീഴടക്കാനാകുമെന്നാണ് കണക്ക്കൂട്ടുന്നത്. ഡൽഹി എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കും ഡെമ്പോ എഫ്‌സി യെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ജി.കെ.എഫ്.സി. 8 കളികളിൽ 3 ജയവും 4 സമനിലയും ഒരു തോൽവിയുമായി 13 പോയിൻ്റോടെ നാലാം സ്ഥാനത്താണ് ആതിഥേയർ .
ഇത്ര തന്നെ കളികളിൽ നിന്ന് 4ജയവും 2 വീതം സമനിലയും തോൽവിയുമായി 14 പോയിൻ്റാണ് നാംധാരിക്ക്. ചർച്ചിൽ ബ്രദേഴ്സിന് തൊട്ടു പിറകെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.ഒടുവിൽ നടന്ന മത്സരത്തിൽ ഇൻ്റർകാശിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ച ആത്മ വിശ്വാസത്തിലാണ് നാംധാരി എഫ്.സി .