പുല്ലുമേട്ടിൽ മാത്രം എത്തിയത് 7245 ഭക്തർ, ജ്യോതി ദർശിച്ചത് 6420 പേർ
മകരജ്യോതി ദർശനത്തിൽ സായൂജ്യമടഞ്ഞ് പുല്ലുമേട്ടിൽ നിന്നും ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.45 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരജ്യോതി വണങ്ങി. 7245 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലെത്തിയത്.
സത്രം വഴി 3360 പേരും കോഴിക്കാനം വഴി 1885 പേരും എത്തി. ശബരിമലയിൽ നിന്നും പാണ്ടിത്താവളം വഴി 2000 പേരാണ് എത്തിയത്. പുല്ലുമേട്ടിലെത്തിയ 825 ഭക്തർ മകര ജ്യോതിക്ക് മുൻപ് സന്നിധാനത്തേക്ക് തിരിച്ച് പോയി.
ജില്ലയിലെ മറ്റ് കാഴ്ചാ കേന്ദ്രങ്ങളായ പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേടിൽ 1100 പേരും മകരജ്യോതി ദർശിക്കാനെത്തി.
പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്‍മാര്‍ മകരജ്യോതി സന്ധ്യ ശരണം വിളികളാല്‍ മുഖരിതമാക്കി. ജ്യോതി ദർശനശേഷം 6.55 ഓടെയാണ് പുല്ലുമേട്ടില്‍ നിന്നും ഭക്തജനങ്ങൾ തിരിച്ചിറങ്ങിയത്.
അയ്യപ്പ സ്വാമിമാരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങൾ സജ്ജീകരിച്ചു. സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ക്കായി 150 പ്രത്യേക പൊലീസ് ഓഫീസർമാർക്ക് പുറമെ 1200 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും കർമ്മനിരതരായി.
പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡബിൾ ലെയർ ബാരിക്കേഡ് ഒരുക്കി . റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിമി വരെ വെളിച്ചവിതാനം ക്രമീകരിച്ചു. വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഐ സി യു ആംബുലൻസ് , മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു. ജലവകുപ്പ് പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ചു. തീര്‍ത്ഥാടകർക്കായി കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 50 ബസുകള്‍ സര്‍വീസ് നടത്തി. സത്രം, വള്ളക്കടവ് നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരിച്ചിറങ്ങിയത്. മകരജ്യോതിയ്ക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമാണ് സർക്കാർ വാഹനങ്ങള്‍ കടത്തിവിട്ടത്.
പൊലീസ്, ആരോഗ്യം, റവന്യു, ഭക്ഷ്യ സുരക്ഷ, സിവില്‍ സപ്ലൈസ്, അഗ്‌നി രക്ഷാസേന, വനം വകുപ്പ് , മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ സേവനങ്ങൾ ഭക്തര്‍ക്ക് ഏറെ സഹായകരമായി.
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി,ഏറണാകുളം റേഞ്ച് ഡി.ഐ.ജി സതീഷ് ബിനോ, ജില്ലാ പൊലീസ് മേധാവി ടി. കെ വിഷ്ണുപ്രദീപ്, സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി എം ജയകൃഷ്ണൻ, കട്ടപ്പന എ. എസ്.പി രാജേഷ് കുമാർ, എ. ഡി. എം ഷൈജു പി ജേക്കബ്, ഫ്ലൈയിംഗ് സ്ക്വാഡ് ഡി . എഫ് .ഒ വിനോദ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പുല്ലുമേട്ടില്‍ സന്നിഹിതരായി.