കര്‍ഷകര്‍ക്കൊപ്പമെന്ന് വീമ്പിളക്കുന്ന ഇടതു സര്‍ക്കാര്‍ പുറത്തിറക്കിയ മറ്റൊരു ജനദ്രോഹ വിജ്ഞാപനം കൂടി പുറത്തായെന്ന് DCC ജനറൽ സെക്രട്ടറി ബിജോ മാണി.
ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ ബ്ലോക്ക് ആറില്‍പെട്ട 290.35 ഹെക്ടര്‍ ഭൂമി സംരക്ഷിത വനമാക്കിക്കൊണ്ട് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്.
2021 മാര്‍ച്ച് 24ന് നിയമസഭാ സമ്മേളന സമയത്താണ് വിജ്ഞാപനം പുറത്തുവന്നത്.
ഇതിനാല്‍ തന്നെ ഇക്കാര്യം മാധ്യമങ്ങളുടെയോ ഇതര രാഷ്ട്രീയ കക്ഷികളുടെയോ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ജനവാസ മേഖല ഉള്‍പ്പെടെ വനമാക്കി സംരക്ഷിക്കുന്ന നിലയിലാണ് കരട് വിജ്ഞാപനം നിര്‍ദേശം നല്‍കുന്നത്.
പിണറായി സര്‍ക്കാര്‍ ജില്ലയില്‍ നാല് റിസര്‍വ് വനങ്ങള്‍ വിജ്ഞാപനം ചെയ്തത് കൂടാതെയാണ് ഈ വിജ്ഞാപനവും. എം.എം. മണി മന്ത്രിയായിരുന്ന കാലയളവിലാണ് സൂര്യനെല്ലി റിസര്‍വ് എന്ന പേരില്‍ ഈ പ്രദേശം സംരക്ഷിത വനമാക്കി വിജ്ഞാപനം ഇറക്കിയത്.
ജില്ലയിലെ കൃഷി ഭൂമി വനമാക്കി മാറ്റാതിരിക്കാന്‍ എന്ന പേരില്‍ ജില്ലയിലെ ഇടതുസ്ഥാനാര്‍ഥികള്‍ വോട്ട് ചോദിച്ച സമയത്തുതന്നെയാണ് സൂര്യനെല്ലിയില്‍ കൃഷി ഭൂമിയുള്‍പ്പടെ വനമാക്കി പിണറായി സര്‍ക്കാര്‍ ഇടുക്കിയിലെ കര്‍ഷകരെ ചതിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
2021 ജൂലൈ 27ന് വിഞ്ജാപനം ചെയ്ത കുമളി റെയിഞ്ച് ഓഫീസ് കൊമ്പൗണ്ട് റിസര്‍വ്, 2022 മെയ് 10 ന് വിഞ്ജാപനം ചെയ്ത ചെങ്കുളം റിസര്‍വ്, 2023 സെപ്റ്റംബര്‍ 20 ന് വിഞ്ജാപനം ചെയ്ത ചിന്നക്കനാല്‍ റിസര്‍വ്, 2024 ഫെബ്രുവരി 27 ന് വിഞ്ജാപനം ചെയ്ത ആനയിറങ്കല്‍ റിസര്‍വ് എന്നിവയാണ് പിണറായി സര്‍ക്കാര്‍ ജില്ലയില്‍ പ്രഖ്യാപിച്ച മറ്റ് സംരക്ഷിത വനങ്ങള്‍.
ജില്ലയിലെ വനവിസ്തൃതി വര്‍ധിപ്പിച്ച് കാര്‍ഷിക മേഖലയിലും വനനിയമം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍.
ഒരിഞ്ച് പോലും വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസംഗിച്ച എം.എം. മണി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ജില്ലയില്‍ അഞ്ച് പുതിയ റിസര്‍വ് വനങ്ങള്‍ പിണറായി സര്‍ക്കാര്‍ വിഞ്ജാപനം ചെയ്തപ്പോള്‍ എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. വനവിസ്തൃതി വര്‍ധിപ്പിച്ചും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്‍കുന്ന നിയമഭേദഗതി കൊണ്ടുവന്നും വന്യ ജീവി ശല്ല്യം തടയാന്‍ നടപടി സ്വീകരിക്കാതെയും കര്‍ഷകരെ കുടിയൊഴിപ്പിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ കോടതിയില്‍ മൗനം പാലിച്ച് പട്ടയ വിതരണം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് വാങ്ങിയത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.