ചെറുതോണി ബസ്സ്റ്റാൻഡ് രണ്ടാംഘട്ട നിർമാണത്തിന് തുടക്കമായി
ചെറുതോണി : ഇടുക്കി നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ചെറുതോണി ബസ്സ്റ്റാൻഡിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനവും ശിലാസ്ഥാപനവും റോഷി അഗസ്റ്റിൻ നിർവഹിച്ചു. ചെറുതോണി ടൗണിന്റെ വികസനത്തിനുള്ള മുഖ്യഘടകമാണ് ബസ്സ്റ്റാൻഡെന്ന് മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് വിഭാവനംചെയ്ത മാതൃകയിൽ നിർമാണം പുരോഗമിച്ചാൽ മെഡിക്കൽ കോളേജിലേക്കുള്ള ഗതാഗതം പ്രധാന റോഡ് ഉപയോഗിക്കാതെ സ്റ്റാൻഡിൽനിന്നും പ്രത്യേക പാതയിലൂടെ പോകാനുള്ള സൗകര്യം ഒരുക്കാനാകും.
സ്റ്റാൻഡിനും പ്രധാന റോഡിനും ഇടയിലൂടെ ഒഴുകുന്ന തോടിന്റെ ഇരുവശവും കെട്ടി നവീകരിച്ച് പാർക്കിങ്ങിനും മറ്റുമുള്ള സൗകര്യം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആദ്യം അനുവദിച്ച 50 ലക്ഷത്തിനുപുറമേ കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് കൂടുതലായി 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കൂടാതെ, ജില്ലാപഞ്ചായത്തിന്റെ രണ്ടുകോടിയുടെ ഷോപ്പിങ് കോംപ്ലക്സും ഇവിടെ പണിയുന്നുണ്ട്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് ഡിവിഷൻ അംഗം കെ.ജി.സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ബി.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.