ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ആയുധവുമായി അക്രമാസക്തനായ ആളെ ഫയർഫോഴ്സ് കീഴ്‌പ്പെടുത്തി
മുട്ടത്ത് മാനസികാസ്വാസ്ഥ്യം ഉള്ള ആൾ നാട്ടുകാരുമായുള്ള വഴക്കിനിടെ പാചകവാതകം തുറന്നുവിട്ട് ആയുധവുമായി ഭീഷണി മുഴക്കിയത് പ്രദേശവാസികളെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. ഒടുവിൽ തൊടുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി ആളെ കീഴ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഒരുമണിക്ക് ആയിരുന്നു സംഭവം. മുട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന മുട്ടം ചള്ളാവയൽ സ്വദേശിയായ 45 വയസ്സുകാരൻ ആണ് ഭീഷണി മുഴക്കിയത്. സംഭവദിവസം വഴക്കിനിടെ ഇയാൾ താമസിക്കുന്ന മുറിക്കുള്ളിൽ പാചകവാതകം തുറന്നു വിടുകയും വാക്കത്തി, ചുറ്റിക, കമ്പിവടി എന്നിവയുമായി ആക്രമണ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ എല്ലാവരും ഭയന്ന് പിന്മാറുകയും ചെയ്തു. ഇയാൾ താമസിക്കുന്ന മുറിയുടെ സമീപത്തുള്ളവരും, മുകളിലെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന കോളേജ് വിദ്യാർത്ഥികളും ഭയന്ന് പുറത്തേക്ക് ഓടി. സമീപവാസിയായ ഒരാൾ സഹായത്തിനായി വിവരം ഫയർഫോഴ്സിൽ അറിയിച്ചു. ഉടൻതന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇൻചാർജ് ബിജു പി തോമസിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി. നാട്ടുകാരെ സ്ഥലത്തുനിന്നും ദൂരേക്ക് മാറ്റിയതിനുശേഷം സേനാംഗങ്ങൾ ഇയാളുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചത്. ഇയാളുടെ അച്ഛനേയും,അമ്മയേയും സ്ഥലത്ത് വിളിച്ചു വരുത്തുകയും സേനാംഗങ്ങൾ മൂന്നു മണിക്കൂറോളം ശ്രമം നടത്തി ഒടുവിൽ ഇയാളെ അനുനയിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാളുടെ സമീപത്തെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ കയ്യിൽ ഉണ്ടായിരുന്ന ആയുധങ്ങൾ തന്ത്രപൂർവ്വം കൈവശപ്പെടുത്തി. കൂടാതെ, തുറന്നുവിട്ട ഗ്യാസ് സിലിണ്ടറിൻ്റെ ചോർച്ച അടച്ച് അപകടാവസ്ഥ ഒഴിവാക്കി സിലിണ്ടർ പുറത്തേക്ക് മാറ്റുകയും ചെയ്തു. ആളുടെ ശ്രദ്ധ മാറ്റിയതിനുശേഷം ഫയർഫോഴ്സ് അംഗങ്ങൾ മൽപ്പിടുത്തത്തിലൂടെ ഇയാളെ പിടികൂടി. മാതാപിതാക്കളുടെ ആവശ്യപ്രകാരം അവരുടെ സാന്നിധ്യത്തിൽ പോലീസ് സഹായത്തോടെ സ്വകാര്യ ആംബുലൻസിൽ കയറ്റി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, ജോബി കെ ജോർജ്, ഫയർ ഓഫീസർ ജെസ്റ്റിൻ ജോയി ഇല്ലിക്കൽ, ഹോം ഗാർഡുമാരായ മാത്യു ജോസഫ്, ബെന്നി എംപി, എന്നിവരും മുട്ടം പോലീസ് സബ്ബ് ഇൻസ്പെക്ടർ അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.