ജൈവമാലിന്യം നീക്കാത്ത സ്ഥാപനങ്ങൾക്ക് ഫൈൻ ഈടാക്കാൻ എത്തിയ നഗരസഭ അധികൃതരുടെ നടപടി തടഞ്ഞ് വ്യാപാരികൾ
നഗരത്തിലെ ജൈവ മാലിന്യം നീക്കാൻ സ്വകാര്യ ഏജൻസിക്ക് നഗരസഭ അനുമതി നൽകിയിരുന്നു. എന്നാൽ ഭീമമായ തുകയാണ് മാലിന്യ നീക്കത്തിന് ഓരോ വ്യാപാര സ്ഥാപനവും സ്വകാര്യ ഏജൻസിക്ക് നൽകേണ്ടത് . ഇത് വ്യാപാരികളെ പ്രതിഷേധത്തിലേക്കും നയിച്ചിരുന്നു. കൂടാതെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങളും നൽകി. എന്നാൽ വ്യാപാരികൾക്ക് അനുകൂലമാകുന്ന നടപടികൾ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മാലിന്യ നീക്കം കൃത്യമായി നടക്കാത്തതുമൂലം ഇവ മാർക്കറ്റിനുള്ളിൽ കുമിഞ്ഞുകൂടുന്ന സ്ഥിതിയാണുള്ളത്. ഏജൻസിക്ക് പണം നൽകി മാലിന്യം നൽകാത്തവർക്കെതിരെ നടപടി സ്വീകരിക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗം മാർക്കറ്റിൽ എത്തിയത്. എന്നാൽ വ്യാപാരി ദ്രോഹ നടപടികക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കച്ചവടക്കാർ നഗരസഭയുടെ നടപടികളെ തടഞ്ഞു. വ്യാപാരികളുമായി കൂടിയാലോചിക്കാതെ ഇത്തരം നടപടികൾ നടത്താൻ പാടില്ലെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.