സിരി എല്ലാം കേട്ടു, റെക്കോർഡ് ചെയ്ത് ചോർത്തി; 814 കോടി നൽകി കേസ് ഒത്തുതീർപ്പാക്കാൻ ആപ്പിൾ
ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിൽ ഒത്തുതീർപ്പിന് ഒരുങ്ങി ആപ്പിൾ. തുക പണമായി തന്നെ നൽകാമെന്ന് ആപ്പിൾ സമ്മതിച്ചതായാണ് റിപ്പോർട്ട്. 95 മില്യൺ ഡോളർ നൽകിയാണ് ഒത്തുതീർപ്പിന് ഒരുങ്ങുന്നത്. ഇന്ത്യൻ രൂപ ഏകദേശം 814.78 കോടിയോളം വരും.കാലിഫോർണിയയിലെ ഓക്ക്ലാൻഡിലെ ഫെഡറൽ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്.
ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിരി സ്ഥിരമായി തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ റെക്കർഡ് ചെയ്യുകയും ഇവ പരസ്യക്കാർ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളുമായി പങ്കുവെച്ചെന്നാണ് പരാതി. നിരവധി പേരാണ് സമാന പരാതിയുമായി രംഗത്തെത്തിയത്. ഉപഭോക്താക്കൾ ‘ഹേയ് സിരി’ എന്ന് പറഞ്ഞാൽ മാത്രമാണ് സിരി പ്രവർത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാൽ സിരി ഇത്തരത്തിൽ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ പറയുന്ന വിവരങ്ങൾ റെക്കോർഡ് ചെയ്ത് പരസ്യദാതാക്കൾക്ക് നൽകുന്നുവെന്നാണ് പരാതി.
ഒത്തുതീർപ്പിനായി നൽകുന്ന തുക 2014 സെപ്റ്റംബർ 17 മുതൽ 2024 ഡിസംബർ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കൾക്ക് വീതിച്ച് നൽകാനാണ് കോടതി തീരുമാനം. എന്നാൽ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ല. അമേരിക്കയിലെ സിരി ഉപഭോക്താക്കൾക്ക് 20 ഡോളർ വീതമാണ് നൽകുക. അതേസമയം ഗൂഗിളിനെതിരെയും സമാനമായ കേസ് നിലവിലുണ്ട്.